തൃശൂര്‍ പൂരം തൃശൂര്‍ക്കാര്‍ക്കു മാത്രമല്ല കേരളക്കരയ്ക്കാകെ വിസ്മയവും വികാരവുമാണ്. വാക്കുകളിലും വരികളിലും ഒതുക്കാനാവില്ല തൃശൂർ പൂരം എന്ന വിസ്മയത്തെ. പൂരത്തെ കുറിച്ച് നിരവധി ഗാനങ്ങളാണ് വാര്‍ഷാവര്‍ഷം പുറത്തിറങ്ങുന്നത്. ഇത്തവണ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും ഫോട്ടോഗ്രാഫർമാരും ചേര്‍ന്ന് പൂരക്കാഴ്ച്ചയെ കുറിച്ച് ഒരു വ്യത്യസ്തമായ ഗാനം പുറത്തിറക്കി.
''ഇതാണെടാ തൃശ്ശൂര്‍ പൂരം' എന്ന് പേരിട്ടിരിക്കുന്ന മനോഹരമായ ആല്‍ബത്തില്‍ തൃശ്ശൂര്‍ പൂരത്തിന് നേതൃത്വം വഹിക്കുന്ന തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍ എന്നിവരെ കൂടാതെ മാധ്യമ പ്രവർത്തകരായ ഉണ്ണി കോട്ടക്കല്‍, കെ.കെ നജീബ് കെ.കെ പ്രദീപ്, റാഫി ദേവസി, അനൂപ് വേണു, രഞ്ജിത്ത് ബാലൻ തുടങ്ങിയ ഫോട്ടോഗ്രാഫര്‍മാരും ദൃശ്യമാധ്യമരംഗത്തെ സുനിൽകുമാർ, സാദിക്ക് പാറക്കൽ, മധു മേനോൻ എന്നിവരുമാണ് അഭിനയിച്ചിരിക്കുന്നത്. തൃശൂർ പൂരം സമ്മാനിച്ച ശക്തന്‍ തമ്പുരാനായി അഭിഭാഷകൻ ജ്യോതിഷും, സബീറ്റ എന്ന അമേരിക്കന്‍ മലയാളിയും ആൽബത്തിൽ വേഷമിടുന്നുണ്ട്. നാല് മിനിട്ടിലധികം ദൈർഘ്യമുള്ള ആല്ബത്തിന്റെ രചന, സംഗീതം, സംവിധാനം എന്നിവ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ളയാണ് നിർവഹിക്കുന്നത്.
പാടിയതും ക്യാമറ ചലിപ്പിച്ചതും എഡിറ്റ് ചെയ്തതും സിനിമാ സംവിധായകന്‍ കൂടിയായ സുദീപ് ഈയെസാണ്. ഓര്‍ക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും ജയകൃഷ്ണന്‍ നിർവഹിച്ചിരിക്കുന്നു. ആല്ബത്തിന്റെ റിലീസിംഗ് പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. ആൽബത്തിൽ വേഷമിട്ട മാധ്യമ പ്രവർത്തകർക്കും ദേവസ്വം ഭാരവാഹികൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം മന്ത്രി പാട്ട് പാടിയാണ് റിലീസ് നടത്തിയത്.