തൃശൂർ: കൊവിഡ് ബോധവൽക്കരണത്തിന്‍റെ ഭാഗമായി ടെലിഫോണുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത കൊവിഡ് സുരക്ഷ അറിയിപ്പ് അടിയന്തരമായി ഒഴിവാക്കണമെന്നൊവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ സ്വദേശിയും കെ.പി.സി.സി സെക്രട്ടറിയുമായ ജോൺ ഡാനിയൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്. അത്യാവശ്യ സാഹചര്യങ്ങളിൽ അടിയന്തര സഹായത്തിന് ആരെയെങ്കിലും ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ കൊവിഡ് സുരക്ഷ അറിയിപ്പിന്‍റെ പേരിൽ സമയം നഷ്ടപ്പെടുന്നത് പലർക്കും ഗുരുതരമായ നഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന് പരാതി നല്‍കിയത്.
തനിച്ചു താമസിക്കുന്ന വൃദ്ധജനങ്ങൾ, സ്ത്രീകൾ തുടങ്ങിയവരെയാണ് ഇത് ഏറ്റവും അപകടകരമായി ബാധിക്കുന്നത്. ഏതെങ്കിലും അപകടത്തിലോ ആപത്തിലോപെടുമ്പോൾ അടിയന്തരമായി ആരെയെങ്കിലും വിളിക്കുന്നതിനു പോലും ഫോണിലെ കൊവിഡ് സുരക്ഷ അറിയിപ്പ് തടസമാവുന്നു. രണ്ട് മിനിട്ട് മുതൽ മൂന്ന് മിനിട്ട് വരെ പലപ്പോഴും കൊവിഡ് സുരക്ഷ അറിയിപ്പിന്‍റെ പേരിൽ നഷ്ടപ്പെടുന്നുണ്ട്. ചില അടിയന്തര ഘട്ടങ്ങളിൽ ചെറിയ സമയം പോലും വളരെ വിലപ്പെട്ടതാണെന്നും ജോൺ ഡാനിയൽ നൽകിയ പരാതിയിൽ പറയുന്നു.