തൃശൂര്‍: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് 19 ബാധിതനായ തൃശൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്‌തികരം. 21 വയസുള്ള വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികൾ യാത്ര ചെയ്‌ത വിമാനത്തിൽ യാത്ര ചെയ്‌തയാളാണ് ഇയാൾ. ഖത്തറിലെ ദോഹയിൽ നിന്നാണ് ഇയാൾ എത്തിയത്.
തൃശൂർ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടർന്ന് ആളെ കണ്ടെത്തി മാർച്ച് ഏഴിനാണ് ജനറൽ ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽപെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾ പങ്കെടുത്ത വിവാഹ നിശ്‌ചയം ഉൾപ്പടെയുള്ള പൊതുപരിപാടികൾ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. കോൺടാക്‌ട് ഉണ്ടായവരെയും നിരീക്ഷിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു.
തൃശൂര്‍ ജില്ലയിൽ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി 1270 പേർ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 1197 പേരും ആശുപത്രികളിൽ 73 പേരുമാണ് നിരീക്ഷണത്തിലുളളത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 13 പേർ ഇന്ന് ആശുപത്രി വിട്ടു. ജില്ലയിലുടനീളം കൊവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ മൈക്ക് പ്രചരണം വഴി നൽകുന്ന പരിപാടിക്ക് മാർച്ച് 13ന് തുടക്കം കുറിക്കും.