തൃശൂർ: തൃശൂർ നഗരത്തില്‍ മൊബൈല്‍ കട കേന്ദ്രീകരിച്ച് ലഹരി മരുന്ന കച്ചവടം നടത്തിയിരുന്ന മൂന്ന് യുവാക്കൾ അറസ്റ്റിലായി. ഇവരില്‍ നിന്ന് കോടികൾ വിലമതിക്കുന്ന ഒരു ലിറ്റർ ഹാഷീഷ് ഓയിലും എട്ട് കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. മുളങ്കുന്നത്ത് കാവ് സ്വദേശി സഞ്ജു, പൂങ്കുന്നം സ്വദേശി ഗോകുല്‍, ഒല്ലൂർ സ്വദേശി ബിജോസ്ഫ്യൻ എന്നിവരാണ് പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്ന് രണ്ട് മാസത്തോളം നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ യുവാക്കൾ പൂങ്കുന്നത്ത് നടത്തിവന്ന മൊബൈൽ കട കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നും വൻ തോതിൽ ലഹരി മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതിന്‍റെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് മൂന്നാമനും പിടിയിലായി. ഇവരിൽ നിന്നും പിടിച്ചെടുത്ത കാറിൽ ലഹരി മരുന്ന് കടത്തുന്നതിനായി പ്രത്യേക അറകൾ തന്നെ സജ്ജീകരിച്ചിരുന്നു. പലതവണ പൊലീസിന്‍റെ വലയില്‍ നിന്ന് രക്ഷപ്പെട്ട പ്രതികളെ വളരെ വിദഗ്ധമായാണ് പിടികൂടിയത്. തൃശൂരില്‍ കഴിഞ്ഞ മാസവും വൻതോതില്‍ ലഹരി മരുന്നി പിടികൂടിയിരുന്നു.