തൃശൂർ: വിഷുക്കണി ദർശനത്തിന് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടാറുള്ള ഗുരുവായൂർ ക്ഷേത്രനട കൊവിഡ് കാലത്ത് ശൂന്യമായി. ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വിഷുക്കണി ദർശനത്തിന് ഉണ്ണിക്കണ്ണനും പരിചാരകന്മാരും മാത്രം. ലോക്‌ഡൗണിൽ ഭക്തജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങ് മാത്രമായാണ് വിഷുക്കണി ദർശനം നടന്നത്. ദേവസ്വം അഡ്‌മിനിസ്ട്രേറ്ററുടെ പ്രത്യേക നിർദേശപ്രകാരം ദർശനം ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകരെയും ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞു.
ക്ഷേത്രത്തിലേക്കുള്ള എല്ലാ കവാടങ്ങളും തിങ്കളാഴ്‌ച ഉച്ചമുതൽ തന്നെ അടച്ചു പൂട്ടി. ഉള്ളമ്പലത്തിൽ മേൽശാന്തിയും കീഴ്‌ശാന്തിമാരും പരിചാരകരും ഒപ്പം ചുരുക്കം ചില ഉദ്യോഗസ്ഥരും മാത്രം. തിങ്കളാഴ്‌ച അത്താഴ പൂജക്ക് ശേഷം കീഴ്‌ശാന്തി വാസുണ്ണി നമ്പൂതിരി ശ്രീലകത്ത് വിഷുക്കണി ഒരുക്കി. മൂല വിഗ്രഹത്തിന് മുന്നിൽ മുഖമണ്ഡപത്തിൽ സ്വർണ പീഠത്തിൽ പൊൻ തിടമ്പ് എഴുന്നള്ളിച്ചു. മുന്നിൽ ഓട്ടുരുളിയിൽ വിഷുക്കണി വിഭവങ്ങൾ നിറച്ചു. ചൊവ്വാഴ്‌ച പുലർച്ചെ 2.10 ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് അരിത്തിരികൾ തെളിയിച്ച് ഗുരുവായൂരപ്പന് ആദ്യം കണി കാണിച്ച് തൃക്കൈയിൽ വിഷു കൈനീട്ടം സമർപ്പിച്ചു. പിന്നീട് പരിചാരകർക്കും കൈനീട്ടം നൽകി. 2.30 ന് ക്ഷേത്ര കവാടം തുറന്നു. നാരായണ നാമങ്ങളാൽ മുഖരിതമാകാറുള്ള നിമിഷങ്ങൾ കൊവിഡിൽ നിശബ്‌ദമായി. പതിവായി നടക്കുന്ന വിഷു വിളക്കാഘോഷവും ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് ഉണ്ടാകില്ല.