തൃശ്ശൂര്‍: ഗുരുവായൂരില്‍ സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തമിഴ്‌നാട് ട്രിച്ചി സ്വദേശി ധർമ്മ രാജൻ ആണ് അറസ്റ്റിലായത്. ചണ്ഡിഗണ്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
സ്വര്‍ണ മൊത്തവ്യാപാരിയായ ഗുരുവായൂര്‍ തമ്പുരാന്‍ പടി സ്വദേശി ബാലന്‍റെ വീട്ടിൽ നിന്നാണ് 3 കിലോ സ്വർണവും 2 ലക്ഷം രൂപയും ഇയാള്‍ കവർന്നത്. മെയ് 12ന് രാത്രിയിലായിരുന്നു സംഭവം. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്.
വീട്ടിലെ സി.സി.ടി.വിയിൽ മോഷണത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നുവെങ്കിലും മുഖം മറച്ചിരുന്നതിനാല്‍ മോഷ്‌ടാവിനെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. ലഭ്യമായ ദൃശ്യങ്ങള്‍ വച്ച് അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിന്‍റെ അന്വേഷണം. പച്ച കുത്തിയ കൈയും മുടിയുടെ നിറവുമാണ് പ്രതിയെ കുടുക്കിയത്.
20ഓളം കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മോഷ്‌ടിക്കപ്പെട്ട സ്വർണവും പണവും കണ്ടെത്താൻ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
Also Read ഗുരുവായൂരില്‍ വൻ സ്വർണക്കവർച്ച, നഷ്‌ടമായത് മൂന്ന് കിലോ സ്വർണവും രണ്ട് ലക്ഷം രൂപയും