തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ ഏകാദശി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്ന് ഏകാദശി വിളക്ക്. ഒരു മാസം നീണ്ടുനിന്ന വിളക്കാഘോഷങ്ങൾക്ക് ഇന്ന് ദേവസ്വം നേരിട്ട് നടത്തുന്ന വിളക്കോടെ പരിസമാപ്‌തിയാകും.
വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്നിന് തുറന്ന ശ്രീകോവില്‍ തിങ്കളാഴ്‌ച രാവിലെ ഒമ്പത് മണിവരെ പൂജകള്‍ക്കല്ലാതെ അടക്കില്ല. ഏകാദശി നാളില്‍ ദേവസ്വം വകയാണ് ഉദയാസ്‌തമനപൂജ. രാവിലെ കാഴ്‌ചശീവേലിക്ക് ശേഷം പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെയായിരുന്നു ഇന്നലെ എഴുന്നള്ളിപ്പ്.
വ്രതമെടുത്ത് എത്തുന്ന ഭക്തര്‍ക്ക് ഗോതമ്പുചോറും ഗോതമ്പ് പായസവും അടങ്ങുന്ന ഏകാദശിയൂട്ട് ഇന്നും നടക്കും. ഇന്ന് രാത്രി 10.30നാണ് വിളക്കെഴുന്നള്ളിപ്പ് തുടങ്ങുക. നാലാമത്തെ പ്രദക്ഷിണത്തില്‍ ഭഗവാന്‍റെ സ്വര്‍ണക്കോലം എഴുന്നള്ളിക്കും.
അതേസമയം, ഏകാദശി ദിവസങ്ങളിൽ പ്രത്യേക ദർശനങ്ങൾ അനുവദിക്കില്ല. എന്നാൽ നെയ് വിളക്ക് ശീട്ടാക്കുന്നവർക്കുള്ള ദർശന സൗകര്യം ഉണ്ടാകും. തിങ്കളാഴ്‌ച രാവിലെ ഏഴ് മുതൽ 11വരെയാണ് ദ്വാദശി ഊട്ട്. ഏകാദശി തീയതി സംബന്ധിച്ച് ദേവസ്വവും ജ്യോതിഷികളും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ആഘോഷങ്ങൾ രണ്ട് ദിവസമാക്കിയത്.