തൃശൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇന്ന് ഒമ്പത് വിവാഹങ്ങളാണ് ക്ഷേത്രത്തിൽ നടന്നത്. കൊവിഡ് പകർച്ചവ്യാധിക്കെതിരെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹം, ചോറൂണ് അടക്കമുള്ള പരിപാടികളും താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയത്. ഇന്നലെ മുതൽ വിവാഹങ്ങൾ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്.
ആദ്യ ദിവസം വിവാഹങ്ങൾക്ക് ആരും രജിസ്റ്റർ ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി ഇന്ന് ഒമ്പത് വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്തത്. മൂന്ന് മാസം വരെ മുൻകൂട്ടി രജിസ്ട്രേഷൻ നടത്താൻ കഴിയും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിവാഹങ്ങൾ നടത്തുകയെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വി.വി ശിശിർ അറിയിച്ചു. ഒരു വിവാഹത്തിൽ വധുവരന്മാർ ഉൾപ്പെടെ പരമാവധി പത്തു പേർക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താൻ അനുമതിയുണ്ട്. ക്ഷേത്രനടയിൽ ചെന്ന് തൊഴാനും ഭക്തരെ അനുവദിച്ചു.