തൃശ്ശൂര്‍: പെരിഞ്ഞനം ചക്കരപ്പാടത്ത് ഫർണിച്ചർ നിർമാണ കമ്പനിക്ക് തീപിടിച്ചു. ഇന്ന്(22.07.2022) പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. മതിലകം സ്വദേശി ബെന്നിയുടെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ നിർമാണ കമ്പനിയാണ് കത്തി നശിച്ചത്. പത്ത് ലക്ഷത്തോളം വില വരുന്ന സാധന സാമഗ്രികള്‍ അഗ്നിക്ക് ഇരയായതായി കടയുടമ പറഞ്ഞു.
സ്ഥാപനത്തില്‍ നിന്ന് തീ കത്തുന്നത് ആദ്യം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ ഫോഴ്‌സിനെയും അറിയിച്ചത്. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.