തൃശ്ശൂർ: കടലിലെ മത്സ്യലഭ്യതകുറവും ട്രോളിങ് നിരോധനവും മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് ഇരുട്ടടിയായി ഡീസൽ വില വർധന. കേന്ദ്ര ബജറ്റിനെ തുടർന്ന് കഴിഞ്ഞ ദിവസം രണ്ട് രൂപയോളം വില ഉയർന്നതാണ് ഡീസൽ ഉപയോഗിച്ചുള്ള യന്ത്രവൽകൃത യാനങ്ങളുമായി കടലിൽ പോകുന്ന തൊഴിലാളികൾക്ക് തിരിച്ചടിയായത്. ശരാശരി 150 മുതൽ 200 വരെ ലിറ്റർ ഡീസലാണ് ഇൻബോർഡ് വള്ളങ്ങൾക്കും ബോട്ടുകൾക്കും ഒരു ദിവസം ആവശ്യമായി വരുന്നത്. ഇന്ധന വിലയിൽ സബ്‌സിഡി ലഭ്യമല്ലാത്തതിനാൽ വിപണിയിലെ നേരിയ വർധന പോലും മത്സ്യത്തൊഴിലാളികളെ വൻതോതിൽ ബാധിക്കാനിടയുണ്ട്. മത്സ്യമേഖലക്ക് സബ്‌സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കാൻ സർക്കാർ നടപടി എടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
മത്സ്യമേഖലക്ക് താങ്ങാനാവാത്ത ഭാരമാണ് ഇന്ധനവില വർധന ഉണ്ടാക്കിയിരിക്കുന്നതെന്നും ഇപ്പോഴത്തെ വർധന മൂലം പ്രതിദിനം 500 രൂപയുടെയെങ്കിലും അധിക ബാധ്യത ഓരോ മീൻപിടിത്തയാനങ്ങൾക്കും ഉണ്ടാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. തീരപ്രദേശം കൂടുതലുള്ള ജില്ലയിൽ ഹാർബറുകളോട് ചേർന്ന് പമ്പുകളില്ലാത്തത് മൂലം ഇന്ധനക്ഷാമവും മത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. ഹാർബറുകൾ കേന്ദ്രീകരിച്ച് സർക്കാർ ഡീസൽ പമ്പുകൾ അനുവദിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ഇതുവരെയും നടപ്പായിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ കടലിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ബോട്ടുകളിലെ തൊഴിലാളികൾ ഇക്കാരണത്താൽ കടുത്ത ആശങ്കയിലാണ്.