തൃശൂർ : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി കേരളത്തിൽ നിന്നുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിനി. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ ലിഡ്‌വിന ജോസഫിന്‍റെ കത്ത് മെയ് മാസം അവസാനം ചീഫ് ജസ്റ്റിസിന്‍റെ കയ്യിലെത്തി.
കത്തിനൊപ്പം ലിഡ്‌വിന വരച്ച കോടതി മുറിയിൽ ചുറ്റിക കൊണ്ട് കൊറോണ വൈറസിനെ തുരത്തുന്ന ജഡ്ജി, ത്രിവർണ പതാക, മഹാത്മ ഗാന്ധി, അശോക സ്തംഭം എന്നിവയുടെ ചിത്രവുമുണ്ടായിരുന്നു. ലിഡ്‌വിനയുടെ കത്തിന് മറുപടി അയച്ച ജസ്റ്റിസ് എൻ വി രമണ കത്തിനൊപ്പം ഭരണഘടനയുടെ പകർപ്പും അയച്ചുകൊടുത്തു.
ലിഡ്‌വിനയുടെ കത്തിന്‍റെ പൂർണരൂപം:
ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,
ഞാൻ ലിഡ്‌വിന ജോസഫ്, തൃശൂർ കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്ത്യയിലെ പ്രധാന വാർത്തകൾ 'ദ ഹിന്ദു' പത്രത്തിൽ നിന്ന് വായിച്ചറിഞ്ഞു. കൊറോണ വൈറസ് മൂലം ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന മരണങ്ങളെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലയാണ്.
കൊവിഡ് -19നെതിരായ പോരാട്ടത്തിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകളിലും കൊവിഡ് മരണങ്ങളിലും കോടതി ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് പത്രത്തിൽ നിന്ന് ഞാൻ വായിച്ച് മനസിലാക്കി. ഓക്സിജൻ വിതരണം ചെയ്യുന്നതിന് കോടതി ഉത്തരവുകൾ കൈമാറുകയും നിരവധി ജീവൻ രക്ഷിക്കുകയും ചെയ്തതിൽ ഞാൻ സന്തുഷ്ടയാണ്.
രാജ്യത്ത് കൊവിഡ് കേസുകൾ, മരണനിരക്ക് എന്നിവ കുറയ്ക്കുന്നതിന് ഫലപ്രദമായ നടപടികൾ കോടതി ആരംഭിച്ചതായി ഞാൻ മനസിലാക്കി. ഇതിന് ബഹുമാനപ്പെട്ട കോടതിയോട് നന്ദി അറിയിക്കുന്നു. എനിക്ക് അഭിമാനവും ആഹ്ളാദവും തോന്നുന്നു - ലിഡ്‌വിന ജോസഫ്.
ചീഫ് ജസ്റ്റിസിന്‍റെ കത്തിന്‍റെ പൂർണരൂപം:
കത്തും ഹൃദയസ്പർശിയായ ചിത്രവും എനിക്ക് ലഭിച്ചു. രാജ്യത്തെ സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ സൂക്ഷിച്ച രീതിയും പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആളുകളുടെ ക്ഷേമത്തിനായി നിങ്ങൾ പ്രകടിപ്പിച്ച ആശങ്കയും എന്നെ ശരിക്കും ആകർഷിച്ചു.
നിങ്ങൾ ജാഗ്രതയും വിവരവും ഉത്തരവാദിത്തവുമുള്ള ഒരു പൗരയായി വളര്‍ന്ന് രാഷ്ട്രനിർമാണത്തിന് വളരെയധികം സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമഗ്ര വിജയത്തിന് ആശംസകളും അനുഗ്രഹങ്ങളുമായി, എൻ.വി രമണ.