തൃശൂർ: കിഴുപ്പിള്ളിക്കരയിൽ എക്‌സൈസുകാരെ കണ്ട് ഭയന്നോടി യുവാവ് പുഴയിൽ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. തൃപ്രയാര്‍ സ്വദേശി അക്ഷയാണ് ജനുവരി നാലിന് മുനയം ബണ്ട് പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടി പുഴയില്‍ വീണ് മരിച്ചത്. സംഭവം ആസൂത്രിക കൊലപാതകമാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അക്ഷയുടെ കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും അന്തിക്കാട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
മഫ്‌ടിയിലെത്തിയ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സംഘത്തെ കണ്ട് കൂട്ടം കൂടിയിരുന്ന ചെറുപ്പക്കാര്‍ ചിതറിയോടുകയായിരുന്നു. ഇതിനിടെ സമീപവാസിയായ ഒരു യുവാവ് അക്ഷയെ പുഴയിലേക്ക് തള്ളിയിട്ടുവെന്നും രക്ഷിക്കാന്‍ അപേക്ഷിച്ചപ്പോള്‍ മരണരംഗം വീഡിയോ എടുത്തുവെന്നും അക്ഷയുടെ പിതാവ് അനന്തൻ ആരോപിച്ചു. അക്ഷയെ വെള്ളത്തിലേക്ക് തള്ളിയിടുന്നത് കണ്ടുവെന്ന് പറയുന്ന അഖിൽ എന്ന ചെറുപ്പക്കാരനെ പ്രതി ചേർത്ത് കേസെടുക്കുകയും മൊഴിമാറ്റി പറയാൻ സമ്മർദ്ദം ചെലുത്തിയതായും ബന്ധുക്കളും നാട്ടുകാരും ആക്ഷേപമുന്നയിച്ചു. മരണം സംഭവിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനമെന്നും കുടുംബം പറഞ്ഞു.