തൃശൂര്‍ : കടങ്ങോട് മണ്ടംപറമ്പിൽ പ്രവർത്തിച്ചിരുന്ന ചാരായ വാറ്റ് കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. തൃശൂർ എക്സൈസ് സ്പഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ.സനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ അർധരാത്രിയോടെയാണ് പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെ 4 വരെ പരിശോധന നീണ്ടു നിന്നു. സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച് കിടക്കുന്ന പറമ്പിൽ പ്രവർത്തിക്കുന്ന വാറ്റ് കേന്ദ്രത്തിൽ 34 കുടങ്ങളിലായി കലക്കിവച്ചിരുന്ന 510 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു.
ലോക്ക് ഡൗൺ സാഹചര്യത്തിൽ ലിറ്ററിന് രണ്ടായിരം രൂപ വില ഈടാക്കിയാണ് ഇവിടെ ചാരായം വിൽപ്പന നടത്തുന്നത്. പിടിച്ചെടുത്ത വാഷിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കുള്ള ചാരായം നിർമിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസിന്‍റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.