തൃശ്ശൂർ: ലഹരി കടത്തുകാർ ആയുധങ്ങൾ പ്രയോഗിച്ച് എക്‌സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ എക്‌സൈസ് സേനാംഗങ്ങൾക്കും തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചതായി എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തൃശ്ശൂരിലെ എക്‌സൈസ് അക്കാദമി ആൻഡ് റിസർച്ച് സെൻററിൽ പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എക്സൈസ് അക്കാദമി ആധുനിക സൗകര്യങ്ങളോടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി ഉയർത്തുമെന്നും വിദഗ്ധ പരിശീലനം ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥനും വകുപ്പിൽ ഉണ്ടാവരുതെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സേനയുടെ സല്യൂട്ട് സ്വീകരിച്ച ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. മികച്ച ഇൻഡോർ ട്രെയിനിയും ആൾറൗണ്ടറുമായ എ.എം. അഖിൽ, മികച്ച ഔട്ട് ഡോർ ട്രെയിനി എം. അരുൺ, മികച്ച ഷോട്ട് ട്രെയിനി പി.എസ് പ്രിഷി എന്നിവർക്ക് മന്ത്രി ട്രോഫി നൽകി. 51 സിവിൽ എക്‌സൈസ് ഓഫീസർമാരാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്. എക്‌സൈസ് കമീഷണർ എസ്.ആനന്ദകൃഷ്ണൻ, അഡീഷനൽ എക്‌സൈസ് കമീഷണർ സാം ക്രിസ്റ്റി ഡാനിയൽ, അക്കാദമി പ്രിൻസിപ്പൽ ജോയിൻറ് എക്‌സൈസ് കമീഷണർ പി.വി. മുരളി കുമാർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂർ കോർപറേഷൻ മേയർ അജിത വിജയൻ, എക്‌സൈസ് ഓഫീസർമാർ, ട്രെയിനികളുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.