തൃശൂർ: ഒളരി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒളരിക്കര കാളിദാസൻ എന്ന ആന ഇടഞ്ഞു. തൊഴാൻ എത്തിച്ചപ്പോഴായിരുന്നു ഇടഞ്ഞത്. ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം നീരിൽ നിന്നും അഴിച്ച ആനയെ പുറത്തേക്ക് ഇറക്കുന്നതിന്‍റെ ഭാഗമായി ക്ഷേത്രപറമ്പിൽ നടത്തുന്നതിനിടയിലാണ് ഇടഞ്ഞത്. അക്രമാസക്തനായ ആന ക്ഷേത്രപറമ്പിലെ മരങ്ങൾ മറിച്ചിട്ടു.
വാടാനപ്പിള്ളി സ്റ്റേറ്റ് ഹൈവേയും ജനവാസ മേഖലയും തൊട്ടടുത്ത് ആയതിനാൽ ആന പുറത്തേക്ക് ഇടഞ്ഞോടിയാൽ അപകടമുണ്ടാകുന്നതിനാല്‍ ക്ഷേത്രപറമ്പിൽ തന്നെ ആളുകൾ വലയം തീർത്ത് ആനയെ ശാന്തനാക്കാന്‍ ശ്രമം നടത്തുകയായിരുന്നു. തുടർന്ന് പാപ്പാന്മാർ ചേർന്ന് വടമിട്ട് ആനയെ തളക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് തൃശൂരില്‍ നിന്നും എലിഫന്‍റ് സ്ക്വാഡ് എത്തി ക്യാച്ചര്‍ ബെല്‍റ്റിട്ടാണ് ആനയെ തളച്ചത്. തൃശൂര്‍ വെസ്റ്റ് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.