തൃശൂർ : സിപിഎം എംഎല്‍എയും മുൻ മന്ത്രിയുമായ എ.സി. മൊയ്‌തീന്‍റെ വീട്ടില്‍ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് സംഘത്തിന്‍റെ പരിശോധന (ED Raid In AC Moideen's Residence). ഇന്ന് (ഓഗസ്റ്റ് 22) രാവിലെ ഏഴ് മണി മുതൽ കൊച്ചിയിൽ നിന്നുള്ള ഇ ഡി സംഘമാണ് റെയ്‌ഡ് ആരംഭിച്ചത്. എസി മൊയ്‌തീന്‍റെ വടക്കാഞ്ചേരി തെക്കുംകരയിലുള്ള വീട്ടിലും ഓഫിസിലുമാണ് പരിശോധന.
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി (Karuvannur Bank Fraud Case) ബന്ധപ്പെട്ടാണ് റെയ്‌ഡ്. 12 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. 300 കോടി രൂപയുടെ വെട്ടിപ്പുനടന്ന കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ ഇഡി അന്വേഷണം നടക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് മുൻ മന്ത്രിയുടെ വീട്ടിലെ പരിശോധനയെന്നാണ് വിവരം.
മൊയ്‌തീന്‍റെ ബന്ധുക്കളിൽ ചിലർക്ക് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. എ.സി. മൊയ്‌തീന്‍റെ വീട്ടിലെ പരിശോധനയ്ക്ക് ഒപ്പം തന്നെ കോലഴിയിൽ പണമിടപാട് സ്ഥാപനം നടത്തുന്ന സതീഷ് എന്നയാളുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
മുൻപ് കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സിപിഎം മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ സി.കെ.ചന്ദ്രന്‍റെയും എ.സി.മൊയ്‌തീന്‍ എംഎൽഎയുടെയും പങ്ക് അന്വേഷിക്കണമെന്ന് ജയിലിൽ കഴിയുന്ന ഒന്നാം പ്രതി ടി.ആർ.സുനിൽകുമാറിന്‍റെ അച്ഛൻ രാമകൃഷ്ണൻ ആവശ്യപ്പെട്ടിരുന്നു. സുനിൽകുമാർ കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. ഭരണസമിതി തീരുമാനമെടുക്കുന്ന ഫയലുകളിൽ ഒപ്പിടുക മാത്രമേ മകൻ ചെയ്തിട്ടുള്ളൂവെന്നായിരുന്നു രാമകൃഷ്‌ണന്‍റെ നിലപാട്.
പൊറത്തിശ്ശേരി, മാപ്രാണം സിപിഎം ലോക്കൽ കമ്മിറ്റികളും ഇരിങ്ങാലക്കുട സിപിഎം ഏരിയ കമ്മിറ്റിയും തീരുമാനിച്ചിട്ടാണ് വായ്‌പകൾ കൊടുക്കുക. രേഖകളില്ലാതെയും ഈടില്ലാതെയുമുള്ള അപേക്ഷകളിൽ പാർട്ടി ബന്ധം മാത്രം നോക്കി വായ്‌പ കൊടുക്കാൻ തീരുമാനമെടുത്തത് ഈ നേതാക്കളുടെ അറിവോടെയാണെന്നും രാമകൃഷ്‌ണന്‍ ആരോപിച്ചിരുന്നു. അതേസമയം, തട്ടിപ്പുകാരന്‍റെ അച്ഛൻ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നായിരുന്നു മൊയ്‌തീന്‍റെ പ്രതികരണം. അന്വേഷണം നടക്കട്ടെ എന്നാണ് അന്ന് എസി മൊയ്‌തീൻ പറഞ്ഞിരുന്നത്.
കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ ഇ ഡി പ്രതികളുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മുഖ്യ പ്രതികളുടെയെല്ലാം വീടുകളില്‍ ഒരേ സമയത്തായിരുന്നു റെയ്‌ഡ്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്ത പണത്തിന്‍റേയും ബിനാമി നിക്ഷേപം നടത്തിയതിന്‍റേയും രേഖകള്‍ കണ്ടെത്താനായാണ് ഇ ഡി റെയ്‌ഡ് നടത്തിയത്.
2017ലായിരുന്നു കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ച് തട്ടിപ്പ് നടക്കുന്നുവെന്ന വിവരം പുറത്തുവന്നത്. 104 കോടിയുടെ തട്ടിപ്പ് നടന്നിരുന്നുവെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.