തൃശൂർ: തൃശൂർ ജില്ലാ ഭരണസിരാ കേന്ദ്രത്തിന് സുരക്ഷയൊരുക്കുന്ന ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് കൂട്ട ഡെങ്കിപനി. സി.ഐ ഉള്‍പ്പടെ ആറു പൊലീസുകാര്‍ക്ക് ഡെങ്കിപനി ബാധിച്ചതോടെ മറ്റുള്ളവരും പനി ഭീതിയിലാണ്. ആദ്യ ദിവസത്തിൽ സാധാരണയായുള്ള പനിയെന്നാണ് കരുതിയതെങ്കിലും മൂന്ന് ദിവസം പിന്നിട്ടതോടെ പനി രൂക്ഷമായി. തൃശൂര്‍ കലക്ട്രേറ്റിന്‍റെ സെപ്റ്റിക് ടാങ്ക്, സ്റ്റേഷന് മുൻ വശത്തെ റോഡിലാണുള്ളത്. ഈ ടാങ്കിന്‍റെ സ്ലാബിനിടയിലൂടെ മലിനജലം പുറത്തേക്കൊഴുകുകയും അതുവഴി കൊതുകുകൾ പ്രവഹിക്കുന്നതുമാണ് പനി പടരാനുള്ള പ്രധാന കാരണമായി പറയുന്നത്. കൂടാതെ ഇത് സ്റ്റേഷനിലെ ശുദ്ധജല സ്രോതസിനേയും മലിനമാക്കുന്നു. ടൗൺ സ്റ്റേഷൻ, കലക്ട്രേറ്റ്, കോടതി എന്നിവ ഉള്ളതിനാൽ കൂടുതൽ ആളുകളുള്ള സ്റ്റേഷൻ കൂടിയാണ് ടൗണ്‍ വെസ്റ്റ് പൊലീസ് സ്റ്റേഷൻ.
സ്റ്റേഷനിൽ കാന്‍റീൻ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വെള്ളത്തിൽ ബാക്‌ടീരിയയുണ്ടെന്ന സംശയത്തിലാണ് പൊലീസുകാർ. കലക്ട്രേറ്റിന്‍റെ ശുചിമുറിയിലെ മാലിന്യ പ്രശ്‌നവും കലക്ട്രേറ്റിൽ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതും നേരത്തെയും ആക്ഷേപത്തിനിടയാക്കിയിരുന്നു. ഇക്കാര്യം മുന്‍പും പലതവണ അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടികളെടുത്തിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് രാമവർമ്മപുരം പൊലീസ് അക്കാദമിയിലെയും ക്യാമ്പിലെയും പൊലീസുകാർക്ക് കൂട്ടത്തോടെ പനി ബാധിച്ച് ചികിൽസയിലായിരുന്നു.