തൃശൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. കരുണാകരന്‍റെ ഓര്‍മകള്‍ക്ക് ഇന്ന് പത്ത് വയസ്. ലീഡറുടെ സ്‌മൃതി മണ്ഡപം സ്ഥിതി ചെയ്യുന്ന തൃശൂർ പൂങ്കുന്നത്തെ വസതിയായ മുരളീ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പുഷ്‌പാർച്ചന നടത്തി. ദീപ്‌തമായ സ്‌മരണകൾക്ക് മുന്നിൽ നേതൃത്വം പ്രണാമം അർപ്പിച്ചു. പ്രാർഥനാ മന്ത്രങ്ങൾ മുഴങ്ങവെ സ്‌മൃതി മണ്ഡപത്തിൽ നേതാക്കൾ ദീപം കൊളുത്തി. തുടർന്ന് പുഷ്‌പങ്ങൾ അർപ്പിച്ച് പ്രവർത്തകർ ലീഡർ സ്‌മരണ പുതുക്കി.
കെ. കരുണാകരന്‍റെ മകളും കെപിസിസി വൈസ് പ്രസിഡന്‍റുമായ പത്മജ വേണുഗോപാൽ അച്ഛന് സ്‌മരണാഞ്ജലി അർപ്പിച്ചു. ഡിസിസി പ്രസിഡന്‍റ് എം.പി വിൻസെന്‍റ്, ടി.എൻ പ്രതാപൻ എം.പി, ഒ. അബ്‌ദു റഹ്മാൻ കുട്ടി, പി.എ മാധവൻ, ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡിസിസി ഓഫീസായ കെ. കരുണാകരൻ സപ്‌തതി മന്ദിരത്തിലും അനുസ്‌മരണം നടന്നു. കെ. കരുണാകരന്‍റെ ഛായാ ചിത്രത്തിന് മുന്നിൽ ദീപം കൊളുത്തി നേതാക്കൾ പുഷ്‌പാർച്ചന നടത്തി. ജില്ലയിലെ വിവിധ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും അനുസ്‌മരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.