തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി സംഘടനാ തലത്തിലുള്ള ഒരുക്കങ്ങൾ സിപിഐ എം തുടങ്ങിയതായി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒരുതരത്തിലുള്ള വർഗീയ ധ്രുവീകരണ ശ്രമവും ഫലം കണ്ടില്ല.
ഒരു രണ്ടാം വിമോചന സമരം ഇന്നത്തെ കേരള സമൂഹത്തിൽ സാധ്യമല്ലെന്നും അതിനെക്കുറിച്ച് തങ്ങൾക്ക് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ വോട്ട് ഭൂരിപക്ഷ, ന്യൂനപക്ഷ, മതപരിഗണനയിലല്ല. എല്ലാ വിഭാഗത്തിലെയും സാധാരണക്കാരും ഇടത്തരം വിഭാഗങ്ങളും ഒപ്പം നിന്നതിനാലാണ് എൽഡിഎഫിന് ഇത്രയും വലിയ വിജയം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന കമ്മിറ്റി സമഗ്രമായി വിശകലനം ചെയ്‌തു. ഉടൻ ജില്ലാ കമ്മിറ്റികൾ ചേരുമെന്നും 16, 17, 19 തീയതികളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് ഏരിയ കമ്മിറ്റികൾ ചേരുമെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി. ജനുവരി അവസാനത്തോടെ പൊതുരാഷ്‌ട്രീയ സ്ഥിതി താഴേത്തട്ടിൽ വരെ വിലയിരുത്തും. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പ്രാദേശികമായി പരിശോധിക്കും. അതിന്‍റെ അടിസ്ഥാനത്തിൽ തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമെന്നും വിജയരാഘവൻ തൃശൂരില്‍ പറഞ്ഞു.
കർഷക സമരത്തിന് ഐക്യദാർഢ്യം തുടരുമെന്നും കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അതിശൈത്യത്തിലും ഡൽഹിയിൽ പോരാടുന്ന കർഷകർക്കൊപ്പമാണ് സിപിഐ എമ്മെന്ന് എ വിജയരാഘവൻ പറഞ്ഞു. രാജ്‌ഭവന് മുന്നിൽ സംസ്ഥാനത്തെ കർഷക സംഘടനകൾ മൂന്നുദിവസത്തെ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനോട് സിപിഐ എം ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്തുകളിൽ സംഘടിപ്പിക്കുന്ന സമരം വിജയിപ്പിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.