തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കൊവിഡ് രോഗ വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ ജില്ലാഭരണകൂടം കണ്ടെയ്ൻമെന്‍റ് സോണുകളിൽ നിരീക്ഷണം ശക്തമാക്കുന്നു. ഏതെങ്കിലും പഞ്ചായത്തിലോ നഗരസഭയിലോ ഒരു ദിവസം 30 കൊവിഡ് കേസുകളിൽ കൂടുതൽ റിപ്പോർട്ട് ചെയ്താൽ ആ തദ്ദേശസ്വയംഭരണ സ്ഥാപനം പൂർണമായും അടയ്ക്കും. കുട്ടികളുടെയോ പ്രായമായവരുടെയോ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായാൽ ആ പ്രദേശവും പ്രത്യേക നിരീക്ഷണത്തിലാവുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു.
ഇതനുസരിച്ച് തൃശൂർ കോർപ്പറേഷൻ, പരിയാരം, അളഗപ്പനഗർ, കൊടകര, പാണഞ്ചേരി, പുത്തൂർ, വേലൂർ, മാടക്കത്തറ, പടിയൂർ, ചേർപ്പ്, ചൂണ്ടൽ, പാവറട്ടി, മറ്റത്തൂർ, കാട്ടൂർ, വള്ളത്തോൾ നഗർ, പറപ്പൂക്കര, മേലൂർ,നടത്തറ, മണലൂർ, വെള്ളാങ്ങല്ലൂർ, അവിണിശ്ശേരി, വരന്തരപ്പിള്ളി, കയ്പമംഗലം എന്നീ പഞ്ചായത്തുകളും ചാവക്കാട്, ഇരിങ്ങാലക്കുട, ഗുരുവായൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി, കുന്നംകുളം നഗരസഭകളും ഉൾപ്പെടെ 31 തദ്ദേശ സ്ഥാപനങ്ങളാണ് നിയന്ത്രിത മേഖലകളായിട്ടുള്ളത്.
ഈ മേഖലകളിൽ മോട്ടോർവാഹന വകുപ്പിന്‍റെ പ്രത്യേക സംഘത്തെ വിന്യസിക്കും. ഡിഎംഒ യുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക പരിശോധനയും നടത്തും. റാപ്പിഡ് റെസ്പോൺസ് ടീമുകൾ നോട്ടീസുകൾ മുഖേന പ്രദേശത്തെ എല്ലാ വീടുകളിലും ജാഗ്രത സന്ദേശം നൽകി വരികയാണ്. ഒക്ടോബർ 28ന് ജില്ലയിലെ എല്ലാ വകുപ്പുകളും റാപ്പിഡ് റെസ്പോൺസ് ടീമുകൾ, പഞ്ചായത്തംഗങ്ങൾ അടക്കം രാഷ്‌ട്രീയ പാർട്ടിപ്രതിനിധികളെയും ഉൾപ്പെടുത്തി ജാഗ്രതാ ദിനം ആചരിക്കും. വീടുകൾ കയറിയിറങ്ങി ഇതുസംബന്ധിച്ച ജാഗ്രതാസന്ദേശം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും നൽകും. പലസ്ഥലങ്ങളിലും കുട്ടികൾ വെളിയിൽ ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.