തൃശൂർ: കൊവിഡ് ബാധിച്ച മരിച്ച 73കാരിയുടെ മൃതദേഹം സംസ്കരിച്ചു. ചാവക്കാട് അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി ഖദീജക്കുട്ടിയാണ് മരിച്ചത്. കൊവിഡ് 19 പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹം സംസ്കരിച്ചത്. ചാവക്കാട് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ആറേകാലോടു കൂടിയാണ് കടപ്പുറം അടിത്തിരുത്തി ജുമുഅ മസ്ജിദിൽ സംസ്കരിച്ചത്. കടപ്പുറം പഞ്ചായത്തിലെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് പ്രവർത്തകരായ നാലുപേർ ചേർന്നാണ് കബറടക്കം നടത്തിയത്.
ഇവർക്ക് ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകിയിരുന്നു. ബന്ധുക്കളെ മൃതദേഹത്തിന് സമീപത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ഖദീജക്കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മകനും ആംബുലൻസിന്‍റെ ഡ്രൈവറുമടക്കം അഞ്ചു പേർ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. മകൾക്കൊപ്പം താമസിക്കാൻ മുംബൈയിൽ പോയ ഖദീജക്കുട്ടി ലോക് ഡൗണിനെത്തുടർന്ന് നോർക്കയിലൂടെ പാസ് നേടിയാണ് നാട്ടിലെത്തിയത്. പെരിന്തൽമണ്ണ വരെ മറ്റ് മൂന്ന് ബന്ധുക്കൾക്കൊപ്പം കാറിലാണ് ഇവർ സഞ്ചരിച്ചത്. പ്രമേഹവും രക്താതിസമ്മർദവും ശ്വാസതടസവും ഉണ്ടായിരുന്ന ഇവർ ചികിത്സയിലായിരിക്കുമ്പോഴാണ് കൊവിഡ് വൈറസ് പോസിറ്റീവ് റിപ്പോർട്ട് ചെയുന്നത്.