തൃശ്ശൂര്‍: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിലെ സ്കൂളുകൾ പഠന യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കലക്‌ടറുടെ നിര്‍ദേശം. വിദ്യാർഥികൾ പൊതുജനങ്ങളുമായി ഇടപഴകി രോഗ സാധ്യത വർധിപ്പിക്കാനുള്ള സാധ്യത ഒഴിവാക്കാൻ രോഗ ബാധ പൂർണമായി ഒഴിയുന്നത് വരെ പഠന യാത്ര മാറ്റി വെയ്ക്കണം. ജില്ലയിൽ ആകെ 230 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 41 പേർ പുതുതായി നിരീക്ഷണത്തിൽ എത്തിയവരാണ്. വീടുകളിൽ 202 പേർ കരുതൽ നിരീക്ഷണത്തിൽ കഴിയുന്നു. മെഡിക്കൽ കോളജിൽ 19 ഉം ജനറൽ ആശുപത്രിയിൽ 9 ഉം ഉൾപ്പെടെ 28 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളത്. 68 സാമ്പിളുകൾ ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനക്ക് അയച്ചു. പുതുതായി 18 സാമ്പിളുകളാണ് അയച്ചത്. ഇത് വരെ 15 എണ്ണത്തിന്റെ ഫലം ലഭിച്ചു.
അതേസമയം, കൊറോണ രോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാൾ കൂടി അറസ്റ്റിലായി. മാള പുത്തൻ ചിറ സ്വദേശി മനോജാണ് അറസ്റ്റിലായത്.