പാലക്കാട്/തൃശൂര്‍: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സെെനികന്‍ എ പ്രദീപ് കുമാറിന്‍റെ ഭൗതിക ശരീരം വാളയാറില്‍ കേരള മന്ത്രിമാര്‍ ഏറ്റുവാങ്ങി. കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ എന്നിവര്‍ മൃതശരീരം ഏറ്റുവാങ്ങി പുഷ്പചക്രം അര്‍പ്പിച്ചു. മുതിര്‍ന്ന സൈനികര്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് ഭൗതിക ശരീരം ഡല്‍ഹിയില്‍ നിന്നു സുലൂരിലെ വ്യോമകേന്ദ്രത്തിലെത്തിച്ചത്. സഹപ്രവര്‍ത്തകരുടെ അന്ത്യാഞ്ജലിക്ക് ശേഷമാണ് ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുവരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരനും ടിഎൻ പ്രതാപൻ എം.പിയും ഭൗതിക ശരീരത്തോടൊപ്പമുണ്ട്. പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്‌കൂളില്‍ പൊതുദർശനത്തിനു വയ്‌ക്കും.
ALSO READ: ഉപ്പിലൂടെ സാമ്രാജ്യത്വത്തെ വിറപ്പിച്ച ഉളിയത്തുകടവ്
വൈകിട്ടോടെ തൃശൂര്‍ പൊന്നൂക്കരയിലെ വസതിയിലെത്തുമെന്നാണ് പ്രതീക്ഷ. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും ചടങ്ങുകൾ നടക്കുക. പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും പൊന്നൂക്കരയിലെ വീട്ടിൽ എത്തിയിരുന്നു.
രോഗിയായ അച്ഛൻ വെന്‍റിലേറ്ററിൽ വീട്ടിൽ തന്നെ ചികിത്സയിലാണ്. അമ്മയെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു. പ്രദീപിന്‍റെ വീട്ടുകാർക്ക് സർക്കാർ സഹായം ഒരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. സൈനിക കേന്ദ്രത്തിൽ നിന്ന് പ്രദീപിന്‍റെ തൃശൂര്‍ പൊന്നൂക്കരയിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.