തൃശൂർ: പുതുക്കാട് കുറുമാലി പാലത്തിന് താഴെ കോണ്‍ക്രീറ്റ് മാലിന്യം കുന്നുകൂടി കുറുമാലിപ്പുഴയുടെ ഒഴുക്ക് തടസപ്പെടുന്നതായി പരാതി. ദേശീയപാത നവീകരണത്തിന്‍റെ ഭാഗമായി നിർമ്മിച്ച കുറുമാലി പാലത്തിന്‍റെ കോണ്‍ക്രീറ്റ് മാലിന്യങ്ങളാണ് വർഷങ്ങളായി കുന്നുകൂടിക്കിടക്കുന്നത്. പാലം നിര്‍മ്മാണത്തിന് മേല്‍നോട്ടം നല്‍കിയ അധികൃതരുടെ അനാസ്ഥയാണ് മാലിന്യങ്ങള്‍ പാലത്തിനടിയില്‍ കുന്നുകൂടി കിടക്കുന്നതിന് കാരണമെന്നും നാട്ടുകാർ പറയുന്നു.
പുഴയിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ കോൺക്രീറ്റ് അവശിഷ്‌ടങ്ങളിൽ കുരുങ്ങികിടക്കുന്നതിനാല്‍ മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു. പുഴയിൽ പത്തടിയിലേറെ ഉയരത്തിലാണ് കോൺക്രീറ്റ് ഭാഗങ്ങളുള്ളത്. മഴക്കാലം വരാനിരിക്കെ മാലിന്യങ്ങള്‍ മാറ്റിയില്ലെങ്കില്‍ വീണ്ടും വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന ആശങ്കയുണ്ട്.