തൃശൂർ: ചാവക്കാട് പുന്നയിൽ കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതക കേസ് സിബിഐക്ക് കൈമാറണമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ഇതുവരെയും കേസിലെ മുഴുവൻ പ്രതികളേയും പിടികൂടാത്തത് പൊലീസിന് തീരാകളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡിഐജി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനാണ് പൊലീസിനെ ഭയക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. സംഭവം നടന്ന് 28 ദിവസം പിന്നിടുമ്പോഴും പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ മാത്രമാണ് പൊലീസിന് കഴിഞ്ഞത്. സിപിഎമ്മും എസ്ഡിപിഐയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിഷേധ മാർച്ചിൽ എംപിമാരായ ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, അനിൽ അക്കര എംഎൽഎ, പദ്മജ വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.