സിനിമയിലെ കഥാപാത്രമായാലും ടെലിവിഷന്‍ ഹാസ്യപരിപാടികളില്‍ സ്വയം പരിഹസിച്ചാലും അതൊന്നുമല്ല താനെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് തെളിയിച്ച ആത്മവിശ്വാസത്തോടെയാണ് ഇന്നസെന്റ് കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനത്തിന് തുടക്കമിട്ടത്. ജനങ്ങളില്‍ നിന്ന് വികസന നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ 2016-ല്‍ നടപ്പാക്കിയ സംവിധാനത്തിലൂടെ 600-ലേറെ നിര്‍ദേശങ്ങളും ആവശ്യങ്ങളുമാണ് ലഭിച്ചതെന്നും ഇതനുസരിച്ചാണ് മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധത്തില്‍ പല പദ്ധതികളും നടപ്പാക്കാനായതെന്നും ഇന്നസെന്റ് പറഞ്ഞു.
നമ്മുടെ ആളുകളെല്ലാം ഉയര്‍ന്ന പൗരബോധമുള്ളവരാണ്. സമൂഹത്തിന് എന്താണാവശ്യമെന്ന് അവര്‍ക്കറിയാമെന്നും ഇന്നസെന്‍റ് കൂട്ടിച്ചേർത്തു.പൊരിവെയിലത്തും സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട വലിയ ആള്‍ക്കൂട്ടങ്ങളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നസെന്റിനെ കാത്തുനിന്നിരുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രം തുന്നിയ ചുവന്ന കുടകളുമായാണ് മണ്ഡലത്തിലെ പല ഇടങ്ങളിലും സ്ത്രീകള്‍ സഖാവിനെ കാണാനെത്തിയത്.
മിന്നുന്ന റോഡുകളാല്‍ ഈ പ്രദേശത്തിന് അവിശ്വസനീയമായ മുന്നേറ്റമാണ് എംപി എന്ന നിലയില്‍ ഇന്നസെന്റ് നല്‍കിയതെന്ന് പല പ്രദേശവാസികളും പറഞ്ഞു. വെള്ളാംകല്ലൂര്‍-ചാലക്കുടി റോഡ്,അഷ്ടമിച്ചിറ-പാളയംപറമ്പ്-വൈന്തല-അന്നമനട റോഡ്, ആറാട്ടുകടവ്-വെള്ളാംകല്ലൂര്‍ റോഡ്, നടവരമ്പ്-വിളയനാട്-മങ്കിടിക്കപ്പേള, കരിങ്ങാച്ചിറ-മാള റോഡ് എന്നിങ്ങനെ മൊത്തം 53 കോടി രൂപ മതിക്കുന്ന കേന്ദ്രഫണ്ട് റോഡുകളാണ് ഈ പ്രദേശത്തുമാത്രം അനുവദിച്ചത്. ഇതിനു പുറമെയാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ മാമാഗ്രോം യൂണിറ്റും ഡയാലിസിസ് യൂണിറ്റും സ്ഥാപിച്ചത്.
അതേസമയം യുഡിഎഫ് സ്‌ഥാനാർഥി ബെന്നി ബെഹനാന് വേണ്ടി എം എൽ എ മാർ നടത്തി വന്ന മണ്ഡല പര്യടനം ഇന്ന് സമാപിക്കും. സ്‌ഥാനാർഥി പര്യടനത്തിനിടെ ദേഹാസ്വാസ്ഥ്യം മൂലം ബെന്നി ബഹനാൻ ആശുപത്രിയിലായതിനെ തുടർന്ന് പ്രചാരണ ചുമതല എം എൽ എ മാർ ഏറ്റെടുക്കുകയായിരുന്നു. എം എൽ എ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വി.പി സജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മണ്ഡല പര്യടനം നടന്നു വന്നത്.
എം എൽ എ മാരായ വി.പി.സജേന്ദ്രന്‍റേയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച കുന്നത്ത്നാട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. പുത്തൻകുരിശിൽ കാണിനാട് നിന്നാരംഭിച്ച പര്യടനം തിരുവാണിയൂർ, പൂത്തൃക്ക, ഐക്കാരനാട്, മഴുവന്നൂർ, ഐരാപുരം എന്നിവിടങ്ങളിൽ പര്യടനം നടത്തി. കെ പി സി സി സെക്രട്ടറി ടി.എം സക്കീർ ഹുസ്സൈൻ ഉദ്‌ഘാടനം ചെയ്തു.നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു എം എൽ എ മാരുടെ പര്യടനം. പൊള്ളുന്ന വെയിലത്തും വീട്ടമ്മമാരടക്കം നിരവധിപ്പേരാണ് എം എൽ എ മാരെ സ്വീകരിക്കാൻ ഓരോ സ്വീകരണ കേന്ദ്രത്തിലും കാത്തു നിന്നത്.