Bus Accident| തൃശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞു; 40 പേര്‍ക്ക് പരിക്ക് - Bus Accident updates
തൃശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 40 പേര്‍ക്ക് പരിക്ക്. 10 പേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരുടെ നില തൃപ്‌തികരം.
തൃശൂര്‍: കണിമംഗലത്ത് സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന 40 പേര്‍ക്ക് പരിക്ക്. തൃപ്രയാറില്‍ നിന്നും തൃശൂരിലേക്ക് സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് (ഓഗസ്‌റ്റ് 18) രാവിലെയാണ് സംഭവം.
കണിമംഗലത്ത് റോഡ് അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ബസ് പാടത്തേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 50 പേര്‍ ബസിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
പരിക്കേറ്റവരിൽ ചിലരെ തൃശൂർ താലൂക്ക് സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്‌തികരമാണന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
ബസ് അപകടത്തില്‍പ്പെടാനുണ്ടായ കാരണം വ്യക്തമല്ല. റോഡിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നയിടത്തെത്തിയപ്പോള്‍ ബസ് റോഡില്‍ നിന്ന് തെന്നി മാറി മറിഞ്ഞതാണോ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‌ടപ്പെട്ടതാണോ അപകടത്തിന് കാരണമെന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.
ആന്ധ്ര പ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു: ഏതാനും ദിവസം മുമ്പാണ് ആന്ധ്രപ്രദേശിലെ ദാര്‍സിയില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് കനാലിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്. വിവാഹ സത്‌കാരത്തിനായി പോയ സംഘം അര്‍ധ രാത്രിയാണ് അപകടത്തില്‍പ്പെട്ടത്. ദാര്‍സിയിലെ സാഗര്‍ കനാലിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തില്‍ ബസിലുണ്ടായിരുന്ന 21 പേര്‍ക്ക് പരിക്കേറ്റു. പ്രകാശം ജില്ലയിലോ പൊദിയിലിയില്‍ നിന്നും കിഴക്കന്‍ ഗോദാവരിയില കാക്കിനാഡയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. 40 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാരും പൊലീസും അഗ്‌നി ശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. രാത്രിയിലുണ്ടായ അമിത വേഗതയും ഡ്രൈവര്‍ ഉറങ്ങി പോയതുമാണ് അപകടത്തിന് കാരണമായത്.
വിവാഹ സംഘവുമായി കൂട്ടിയിടിച്ച് ഒഎസ്‌ആര്‍ടിസി: ഒഡിഷയില്‍ അടുത്തിടെയാണ് വിവാഹ സംഘം സഞ്ചരിച്ച ബസുമായി ഒഎസ്‌ആര്‍ടിസി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം 12 പേര്‍ക്ക് പരിക്കേറ്റു. റായ്‌ഗഡില്‍ നിന്നും ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ഒഎസ്‌ആര്‍ടിസിയും ബെര്‍ഹാംപൂരിലെ ഖണ്ഡദൂലി ഗ്രാമത്തില്‍ നിന്ന് മടങ്ങുകയായിരുന്ന വിവാഹ സംഘത്തിന്‍റെ ബസും ഗഞ്ചം ജില്ലയിലെ സനാഖേമുണ്ടിയില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ദിശയില്‍ വന്ന രണ്ട് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മരിച്ചവരുടെ മൃതദേഹവും അപകടത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് പൂര്‍ണമായും തകര്‍ന്നു. അപകടത്തിലെ ഇരകള്‍ക്ക് ഒഡിഷ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 30,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.