തൃശൂർ: പളളിയിലെ മനസമ്മതത്തിനുശേഷം നവവധു വരനൊപ്പം ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ച് എത്തിയത് കൗതുക കാഴ്‌ചയായി. മണലൂർ വടക്കേ കാരമുക്ക് പൊറുത്തൂർ പള്ളിക്കുന്നത്ത് ഡേവീസ് - ട്രീസ ദമ്പതികളുടെ മകൾ ഡെലീഷയാണ് കാഞ്ഞിരപ്പിള്ളി ആനക്കൽ മേലോത്ത് പരേതരായ മാത്യൂ - ഏത്തമ്മ ദമ്പതികളുടെ മകൻ ഹേൻസനുമായി മനസമ്മതം കഴിഞ്ഞ് അര കിലോമീറ്റർ ദൂരത്തുള്ള ഹാളിലേക്ക് ടാങ്കർ ലോറി ഓടിച്ചെത്തിയത്.
ഇരുവരും ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവർമാരാണ്. ടാങ്കർ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളിൽ കൂടെ സഞ്ചരിച്ചപ്പോഴാണ് ടാങ്കർ ലോറി ഡ്രൈവറാവണമെന്ന ആഗ്രഹം ഡെലീഷക്ക് ഉണ്ടാകുന്നത്. പ്രായപൂർത്തി ആയതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങ് ലൈസൻസും എടുത്തു. ടാങ്കർ ലോറി ഓടിക്കാൻ പിതാവിനൊപ്പം ചേർന്ന ഡെലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കർ ലോറി ഓടിച്ച് കൊച്ചിയിൽ നിന്നും പെട്രോൾ എടുത്ത് മലപ്പുറം പമ്പിൽ എത്തിക്കുക പതിവായി.
ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡെലീഷക്ക് തൊഴിൽ വാഗ്‌ദാനവുമായി ഗൾഫ് കമ്പനികൾ എത്തി. ഗൾഫിൽ ടാങ്കർ ലോറി ഡ്രൈവറായി തൊഴിൽ ചെയ്‌ത് വരവേയാണ് ജർമ്മൻ കമ്പനിയിൽ ടാങ്കർ ലോറി ഡ്രൈവറായ ഹേൻസനുമായി അടുപ്പത്തിലാകുന്നത്. അങ്ങനെ ഇരുവരുടെയും വീട്ടുകാർ ഇടപെട്ട് വിവാഹം നിശ്ചയിച്ചു.
വടക്കേ കാരമുക്ക് സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ശനിയാഴ്‌ച ഉച്ചക്കായിരുന്നു മനസമ്മത ചടങ്ങ് നടന്നത്. ചടങ്ങുകൾ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോഷൂട്ടിനും ശേഷം ടാങ്കർ ലോറിയിൽ കയറി നവദമ്പതികൾ ഹാളിലേക്ക് എത്തുകയായിരുന്നു. ജനുവരി ഒൻപതിന് സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ ഉച്ചതിരിഞ്ഞ് നാലിന് നടക്കുന്ന ചടങ്ങിൽ ഹേൻസൻ ഡെലിഷയുടെ കഴുത്തിൽ മിന്ന് ചാർത്തും.