തൃശൂര്‍: പൊന്നാനിയില്‍ വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ അഴീക്കോട് കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ആലപ്പുഴ തൈക്കല്‍ സ്വദേശി അനീഷ്, മാരാരിക്കുളം സ്വദേശി പൊന്നന്‍ എന്നിവരെയാണ് അഴീക്കോട് കോസ്റ്റല്‍ പൊലീസ് സിഐ ദിലീപിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് സാന്താ മരിയ എന്ന ഫൈബര്‍ വള്ളമാണ് ആഴക്കടലില്‍ അപകടത്തില്‍പ്പെട്ടത്. ചേര്‍ത്തല അര്‍ത്തുങ്കലില്‍ നിന്നും പൊന്നാനിയിലേക്ക് മത്സ്യബന്ധനത്തിന് പോയി തിരിച്ചു വരുന്നതിനിടെ തിങ്കളാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
പൊന്നാനിയില്‍ നിന്ന് തിരിച്ച് വരുന്നതിനിടെ അഴീക്കോട് ലൈറ്റ് ഹൗസ് പടിഞ്ഞാറ് ഭാഗത്ത് അഞ്ച് നോട്ടിക്കല്‍ ദൂരത്തായി ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ട് ഫൈബര്‍ ബോട്ട് മുങ്ങുകയായിരുന്നു. കടൽ പ്രക്ഷുബ്‌ധമായതിനാൽ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. രണ്ട് തൊഴിലാളികളെയും വള്ളത്തിലുണ്ടായിരുന്ന മൂന്ന് എഞ്ചിനുകളും കരയിലെത്തിച്ചു.