തൃശൂർ : കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ പൊലീസ് ചോദ്യം ചെയ്യും. നാളെ രാവിലെ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. അതേസമയം കേസിൽ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ഒരു പ്രമുഖ മലയാള ദിനപത്രത്തിന് വക്കീല്‍ നോട്ടിസ് അയച്ചു. കെ.സുരേന്ദ്രനാണ് അയച്ചത്. വി.മുരളീധരൻ, എം.ഗണേശൻ എന്നിവരെ വ്യാജ വാർത്തകളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്. വാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Also Read:കൊടകര കുഴൽപ്പണക്കേസ്; എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പ്രാഥമിക പരിശോധന തുടങ്ങി
അതേസമയം കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പ്രാഥമിക പരിശോധന തുടങ്ങി. കുഴൽപ്പണക്കേസ് ഇ.ഡി അന്വേഷിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നിലപാട് തേടിയതിന് പിന്നാലെയാണ് പ്രാഥമിക പരിശോധന തുടങ്ങിയത്. പ്രതിസ്ഥാനത്ത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയിലെ നേതാക്കളായതിനാൽ കേന്ദ്ര ഏജൻസിയായ ഇ.ഡി അന്വേഷണത്തിന് വിമുഖത കാണിക്കുന്നുവെന്ന വിമർശനവും ശക്തമായിരുന്നു. ലോക് താന്ത്രിക് യുവ ജനതാദൾ നേതാവ് സലീം മടവൂരാണ് കുഴൽപ്പണക്കേസിൽ ഇ.ഡി. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.