മന്ത്രി കെ.ടി ജലീൽ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് അഞ്ചാം ദിവസവും കേരളത്തിലുടനീളം പ്രതിഷേധം ശക്തം. തൃശൂർ കലക്‌ടറേറ്റിലേക്ക് എ.ബി.വി.പിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
കോഴിക്കോട് മഹിള മോർച്ചയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും എതിരെ ദിവസവും പുതിയ തെളിവുകൾ പുറത്ത് വരികയാണെന്ന് എം.ടി രമേശ് പറഞ്ഞു. ജലീൽ കള്ളക്കടത്ത് സംഘത്തേയും മുഖ്യമന്ത്രിയേയും ബന്ധിപ്പിക്കുന്ന കണ്ണിയാണ്, കള്ളക്കടത്തിന്‍റെ ഇടനിലക്കാരനായി പ്രവർത്തിക്കുന്നത് ജലീൽ ആണെന്നും ജലീൽ കള്ളക്കടത്ത് നടത്തുന്നത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും എം.ടി രമേശ് ആരോപിച്ചു.
മഹിള മോർച്ച ജില്ലാ പ്രസിഡന്‍റ് അഡ്വ. രമ്യാ മുരളി അധ്യക്ഷയായിരുന്നു. എ.ബി.വി.പി പ്രവർത്തകർ കാസർകോട് താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നെത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.