തൃശൂർ: ബി.ജെ.പിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായത്. 2016 ൽ നിന്ന് 2021 ൽ എത്തുമ്പോൾ വലിയ മാറ്റമാണ് കേരളത്തിൽ ഉണ്ടായതെന്നും, കേരളീയ ജനത മാറ്റം പ്രതീക്ഷിക്കുന്നതിന്‍റെ തെളിവാണ് ഇവിടെ കൂടിയ ജനതയെന്നും നദ്ദ പറഞ്ഞു.
മോദി സർക്കാർ കേരളത്തിന് നൽകുന്നത് വലിയ പരിഗണനയാണ്. കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തുകയാണ് കേന്ദ്ര സർക്കാര്‍. എന്നാൽ കേരളത്തിലെ മുന്നണി നേതാക്കൾക്ക് വികസനത്തോടല്ല താൽപര്യമെന്നും ഒരാൾക്ക് സ്വർണ്ണത്തിനോടും മറ്റൊൾക്ക് സോളാറിനോടുമാണ് ഇഷ്ടമെന്നും നദ്ദ പരിഹസിച്ചു. കേരളത്തിലെ സർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും വ്യാപകമായ അഴിമതിയിലാണ്. ഒരു സംസ്ഥാനമെന്ന നിലയിൽ അഴിമതിയും കുംഭകോണങ്ങളും കേരളത്തിന് വളരെ മോശമായ പേര് നൽകിയിട്ടുണ്ട്. അഴിമതി കേസുകളിൽ സ്ത്രീകളുടെ നിഴൽ ഉണ്ട്. ഇത് പണത്തിന്‍റെ അഴിമതി മാത്രമല്ല, അതിലുപരിയാണെന്നും നദ്ദ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾ വേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇന്ന് അന്വേഷണം അദ്ദേഹത്തിന്‍റെ ഓഫീസിൽ എത്തിയപ്പോൾ എതിർക്കുന്നു. സോളാർ കേസിൽ പ്രതിയായ ഉമ്മൻചാണ്ടിയെ ആണ് വീണ്ടും കോൺഗ്രസ് നേതാവാക്കുന്നത്. ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഡി.ജി.പി ജേക്കബ് തോമസ് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളന വേദിയിൽ വെച്ച് ജെ.പി നദ്ദയിൽ നിന്നും ബി.ജെ.പി അംഗത്വം സ്വീകരിച്ചു. എൽഡിഎഫും യുഡിഎഫും അഴിമതിയിൽ കുളിച്ചു നിൽക്കുകയാണെന്നും അഴിമതിക്കെതിരെ പോരാടുന്നതുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. കേരളം മാറി ചിന്തിക്കണം. പാർട്ടി നിർദ്ദേശത്തിനനുസരിച്ചു പ്രവർത്തിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് എ.പി. അബ്ദുള്ളക്കുട്ടി, ജോർജ്ജ് കുര്യൻ, സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, കേരളത്തിന്‍റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.