തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ നൽകിയതിനെതിരെ ബിജെപി രംഗത്ത്. ക്ഷേത്ര കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ട പണം ഉപയോഗിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രത്തിന് ഭക്തർ നൽകിയ പണം ദേവസ്വം ചെയർമാന്‍റെ ഇഷ്ടപ്രകാരം സർക്കാരിന് നൽകാനുള്ളതല്ലെന്നും ബിജെപി പറഞ്ഞു. പ്രതിമാസ വരുമാനത്തിന്‍റെ സ്ഥിര നിക്ഷേപത്തിലെ പലിശയിൽ നിന്നാണ് തുക കണ്ടെത്തിയത്. ദേവസ്വത്തിലെ എട്ടംഗ ഭരണസമിതി ടെലി കോൺഫറൻസ് വഴിയാണ് പണം നൽകാൻ തീരുമാനമെടുത്തത്. തുടർന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി മോഹൻദാസ് അഞ്ച് കോടി രൂപയുടെ ചെക്ക് ജില്ലാ കലക്ടർ എസ്. ഷാനവാസിന് കൈമാറി.
കഴിഞ്ഞ പ്രളയ കാലത്ത് ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിരുന്നു. ഇതിനെ ഹൈക്കോടതി ശരി വച്ചിരുന്നതായും ദേവസ്വം ബോർഡ് ചെയർമാൻ ഓർമപ്പെടുത്തി. ഇതേസമയം സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചു വയ്ക്കാനുള്ള തീരുമാനം അനുസരിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് തവണ പിടിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയും കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളം ഒരു മാസത്തെ മുഴുവനും പിടിക്കണോ അതോ തവണകളായി പിടിക്കണോ എന്ന കാര്യത്തിൽ ആശയകുഴപ്പം വന്നതിനാലായിരുന്നു ശമ്പളം വൈകിയത്.