തൃശൂർ: കാബിനറ്റ് റാങ്കിൽ എ സമ്പത്തിനെ ഡൽഹിയിലെ സംസ്ഥാന പ്രതിനിധിയായി നിയമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ചെയർമാൻ ബെന്നി ബെഹനാന്‍. സമ്പത്തിന് കീഴിൽ കേരളത്തിലെ എംപിമാർ പ്രവർത്തിക്കില്ലെന്നും ബെന്നി ബെഹനാൻ എംപി തൃശൂർ ഡിസിസിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതിയ കാബിനറ്റ് നിയമനം വെളിപ്പെടുത്തുന്നത് ഇതുവരെ കേരളത്തിന്‍റെ കാര്യങ്ങൾ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല എന്നാണ്. ബജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ് പോലും എംപിമാർക്ക് നൽകിയിട്ടില്ല. ജനങ്ങൾ തെരഞ്ഞെടുത്ത എംപിമാരെ ഒഴിവാക്കി ഇത്തരത്തിലൊരു നിയമനം നടത്തി മുഖ്യമന്ത്രി തെരഞ്ഞെടുപ്പു വിധിയെ അട്ടിമറിക്കുകയാണ്. ഇത്തരമൊരു കാബിനറ്റ് സ്ഥാനം ഭരണം തുടങ്ങിയപ്പോൾ എന്തു കൊണ്ടുണ്ടാക്കിയില്ലെന്നും ബെന്നി ബെഹനാൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഈ അടിച്ചേൽപ്പിക്കൽ നീതികരിക്കാനാകില്ല. അതുകൊണ്ടു തന്നെ ഈ പ്രതിനിധിയുടെ കീഴിൽ പ്രവർത്തിക്കുകയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രകാലമായിട്ടും എംപിമാരുടെ യോഗം വിളിക്കാത്ത മുഖ്യമന്ത്രി പരാജയമാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
ചാവക്കാട് നൗഷാദ് വധക്കേസിലെ പ്രതികളെല്ലാം ആരാണെന്ന് പകൽപോലെ വ്യക്തമായിട്ടും പൊലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. നൗഷാദ് വധം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും ഈ മാസം 19 മുതൽ 22 വരെ കുറ്റവിചാരണയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 18ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ടിഎന്‍ പ്രതാപന്‍ എംപി, നേതാക്കളായ തോമസ് ഉണ്ണിയാടന്‍, ഒ അബ്ദുറഹ്മാന്‍ കുട്ടി, ജോസഫ് ചാലിശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.