കൊടുങ്ങല്ലൂർ : ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പ വിശ്രമകേന്ദ്ര പന്തൽ പൊലീസ് പൊളിച്ചുനീക്കി. ക്ഷേത്ര സംരക്ഷണ സമിതി കെട്ടിയ വിശ്രമകേന്ദ്രമാണ് ഇന്ന് പുലർച്ചെ പൊലീസെത്തി പൊളിച്ചുനീക്കിയത്. അയ്യപ്പ വിശ്രമകേന്ദ്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതിനിടെയാണ് പൊലീസ് നടപടി.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി കൊച്ചി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. കൊടുങ്ങല്ലൂരിൽ മാത്രമല്ല, ദേവസ്വത്തിന് കീഴിൽ വരുന്ന എല്ലാ ക്ഷേത്രങ്ങളിലും ഭക്തർക്കായി വിശ്രമകേന്ദ്രം ഒരുക്കാൻ ക്ഷേത്ര ഉപദേശക സമിതിക്കാണ് അധികാരമെന്ന് പ്രസിഡന്‍റ് എം കെ സുദര്‍ശനന്‍ വ്യക്തമാക്കി. കഴിഞ്ഞ 32 വർഷമായി മണ്ഡലകാലത്ത് ശ്രീകുരുംബ ഭഗവതി ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര സംരക്ഷണ സമിതി അയ്യപ്പ വിശ്രമകേന്ദ്രം നടത്തിവരുന്നുണ്ട്. എന്നാൽ ഇക്കുറി വിശ്രമകേന്ദ്രം തുറക്കാൻ ദേവസ്വം അനുമതി നൽകിയില്ല. ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ അയ്യപ്പ വിശ്രമകേന്ദ്രം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ ക്ഷേത്ര സംരക്ഷണ സമിതിയുടെ വിലക്ക് ലംഘിച്ച് വിശ്രമകേന്ദ്രത്തിൻ്റെ പന്തൽ നിർമ്മാണം ആരംഭിച്ചിരുന്നു. പൊലീസ് ഇടപെട്ട് അത് നിര്‍ത്തിവയ്‌പ്പിച്ചു. തുടർന്ന് വിഷയം വിവാദമാവുകയും വിവിധ തലങ്ങളിൽ ചർച്ച നടത്തുകയും ചെയ്‌തു. എന്നാൽ ഒത്തുതീർപ്പുണ്ടായില്ല.
ശേഷം ജില്ല കലക്‌ടറുടെ സാന്നിധ്യത്തിൽ ചർച്ച നടക്കാനിരിക്കെയാണ് ഇന്ന് പുലർച്ചെ പൊലീസ് പന്തൽ പൊളിച്ചുമാറ്റിയത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലും നഗരത്തിലും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡിന്‍റെ അനുമതി വേണം: ദേവസ്വം ബോർഡിന്‍റെ അനുവാദമില്ലാതെ ക്ഷേത്രത്തിൽ വിശ്രമ കേന്ദ്രം നിർമിക്കുന്നത് കുറ്റകൃത്യമാണെന്ന് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം കെ സുദര്‍ശനന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ടാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ വിശ്രമ കേന്ദ്രം പൊളിച്ചതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ നഗരത്തിൽ ക്ഷേത്ര രക്ഷാവേദിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ബി ജെ പി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി വടക്കേ നടയിലാണ് സമാപിച്ചത്.