തൃശൂർ: മന്ത്രി എ.സി മൊയ്തീനെ അപകീര്‍ത്തിപ്പെടുത്തിയ കേസിൽ അനില്‍ അക്കര എംഎൽഎ കോടതിയില്‍ ഹാജരാകാൻ തൃശൂർ സിജെഎം കോടതിയുടെ ഉത്തരവ്. തൃശൂർ വടക്കാഞ്ചേരിയില്‍ ഭവനരഹിതര്‍ക്ക് യു.എ.ഇ റെഡ്ക്രസന്‍റ് സൗജന്യമായി നിര്‍മിച്ച് നല്‍കുന്ന ഫ്ലാറ്റിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രി എ.സി മൊയ്‌തീന് എതിരെ അപകീർത്തിപരമായ പ്രചാരണം നടത്തിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
മാർച്ച് 23ന് കോടതിയില്‍ ഹാജരാകാനാണ് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ടി പ്രകാശന്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് സമൻസ് അയക്കാനും ഉത്തരവായി. അനിൽ അക്കരക്ക് പുറമെ അപകീർത്തിപരമായ പരാമർശം പ്രക്ഷേപണം ചെയ്‌ത ചാനൽ പ്രവർത്തകരും 23ന് കോടതിയിൽ ഹാജരാകണം. എംഎൽഎ ചാനൽവഴിയും പത്രം വഴിയും നടത്തിയ പ്രചാരണങ്ങൾ തനിക്ക് അപകീര്‍ത്തിയും മാനഹാനിയും വരുത്തിയെന്ന് കാണിച്ച് എ.സി മൊയ്‌തീൻ നൽകിയ പരാതിയിലാണ് കേസ്.
അപകീർത്തിപ്പടുത്തൽ വകുപ്പുപ്രകാരമുള്ള കുറ്റത്തിനാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കേസില്‍ മന്ത്രിയെ കൂടാതെ വേറെ നാല് സാക്ഷികളുടെയും മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ക്രിമിനല്‍ വ്യവഹാരത്തിന് പുറമെ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂര്‍ സബ് കോടതിയില്‍ വേറെ വ്യവഹാരവും നിലവിലുണ്ട്. മന്ത്രിക്ക് വേണ്ടി അഡ്വക്കേറ്റ് കെ.ബി മോഹന്‍ദാസ് ഹാജരായി.