തൃശൂർ: പുസ്തകങ്ങൾ വായനാദിനത്തിലേക്ക് ഒതുങ്ങുന്ന പുതിയ കാലത്ത് കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തുകയാണ് തൃശ്ശൂര്‍ ജില്ലയിലെ അമ്മാടം സെന്‍റ് ആന്‍റണീസ് എച്ച് .എസ്.എസ്. ഇക്കഴിഞ്ഞ വായനാദിനത്തില്‍ 'അക്ഷരസാഗരം' എന്ന പേരില്‍ വിദ്യാലയത്തില്‍ ആരംഭിച്ച മുഴുവര്‍ഷ വായനാ പദ്ധതിയാണ് വായനയുടെ വസന്തം തീർക്കുന്നത്. ഓരോ ക്ലാസുകാരുടേയും ഓരോ പീരീയഡ് വായനക്കായി ക്രമീകരിക്കുകയാണ് ആദ്യംചെയ്തത്. അഞ്ചാം തരം മുതല്‍ പത്താം തരം വരെയുള്ള എല്ലാ വിദ്യാര്‍ഥികളും വായനാപദ്ധതിയുടെ ഭാഗമാണ്. അക്ഷരസാഗരം എന്ന പേരില്‍ സ്കൂളിൽ കുട്ടികൾക്ക് വായന ഇടവും ഒരുക്കി.
കാര്‍ട്ടൂണ്‍ പുസ്തകങ്ങള്‍ മുതല്‍ ലേഖനങ്ങളും കഥകളും കവിതകളും ഉള്‍പ്പടെ വിദ്യാർഥികളുടെ അഭിരുചിക്കനുയോജ്യമായവ തെരഞ്ഞെടുക്കാനും സൗകര്യമുണ്ട്.പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടികള്‍ സ്വമേധയാ വായിക്കാനായി എത്തുന്നെന്ന് പ്രധാന അധ്യാപകന്‍ പറഞ്ഞു.
പ്രദേശത്തെ സുമനസ്സുകളായ വ്യക്തികളും ക്ലബ്ബുകളുമാണ് ഈ പദ്ധതിയിലേക്കായി ആനുകാലികങ്ങളും പുസ്തകങ്ങളും നല്‍കിയത്. വിദ്യാലയത്തിലെ തന്നെ ബൃഹത്തായ സ്കൂള്‍ ലൈബ്രറിക്കു പുറമേയാണ് വായനക്കായി ഇത്തരമൊരു സംവിധാനം ഒരുക്കിയിട്ടുള്ളത്.