തൃശൂര്‍: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. എട്ടു പതിറ്റാണ്ടു നീണ്ട സാഹിത്യ ജീവിതത്തിന് 2019ലെ ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചു. സെപ്റ്റംബര്‍ 24ന് ആയിരുന്നു അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാത്രിമുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂർ ഹൈടെക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആരോഗ്യസ്ഥിതിയിൽ ആശങ്കയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് രാവിലെ 8.10ഓടെയായിരുന്നു മരണം.
1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനനം. ദീർഘകാലം വിവിധ പത്രങ്ങളിലും ആകാശ വാണിയിലും മാധ്യമ പ്രവർത്തകനായിരുന്നു. തൃശൂർ മംഗളോദയം പ്രസിൽ നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്‍ററും പബ്ലിഷറുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, പണ്ടത്തെ മേൽശാന്തി (കവിത), മനസാക്ഷിയുടെ പൂക്കൾ, നിമിഷ ക്ഷേത്രം, പഞ്ചവർണ്ണക്കിളി, അരങ്ങേറ്റം, മധുവിധു തുടങ്ങിയവയാണ് പ്രധാന കൃതികൾ. കവിത, ചെറുകഥ, നാടകം, വിവർത്തനം, ഉപന്യാസം തുടങ്ങി 46 ഓളം സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്.
2018ൽ കേരള സർക്കാർ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരവും 2019-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 1972ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ബലിദർശനം എന്ന കൃതിക്കും, 1973ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും കരസ്ഥമാക്കി. ഓടക്കുഴൽ അവാർഡ്, സഞ്ജയൻ പുരസ്കാരം, വയലാർ അവാർഡ്, പത്മശ്രീ എന്നീ പുരസ്കാരങ്ങളും നേടിയിരുന്നു.
പരേതയായ ശ്രീദേവി അന്തർജനമാണ് ഭാര്യ. പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ എന്നിവരാണ് മക്കള്‍. പ്രശസ്‌ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.