തൃശ്ശൂർ: ജന്മനാ മൂക്കില്ലാതെ പിറന്ന ഒരുവയസ്സുകാരി മാതാപിതാക്കളുടെ വേദനയായി മാറുന്നു. തൃശ്ശൂർ എളവള്ളി സ്വദേശി അഭിലാഷിന്റെയും സിന്ധുവിന്റെയും മകൾ അഭിഷക്ക് പ്ലാസ്റ്റിക് സർജറിയിലൂടെ മൂക്ക് വച്ചുപിടിപ്പിക്കുവാൻ സാധിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയാണ് ഈ കുടുംബത്തെ നിസ്സഹായരാക്കുന്നത്. 'കോൺജെനിറ്റൽ അർഹീനിയ' എന്ന അത്യപൂർവ രോഗാവസ്ഥ മൂലം മൂക്കില്ലാതെയായായിരുന്നു കുട്ടിയുടെ ജനനം. മൂക്കില്ലാത്തതിനാൽ വായിലൂടെയാണ് കുഞ്ഞ് ശ്വാസമെടുക്കുന്നത്. അതിനാല്‍ വായിലൂടെ കുട്ടിക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കില്ല. വയറ്റിൽ സർജറി ചെയ്തു ഘടിപ്പിച്ച ട്യൂബിലൂടെയാണ് കുട്ടിക്ക് ഭക്ഷണം നൽകിവരുന്നത്. പശുവിൻപാൽ മാത്രമാണ് ഒരുവയസ്സിനിടെ അഭിഷക്ക് കഴിക്കാനായ ഏക ഭക്ഷണം.
പ്ലാസ്റ്റിക് സർജറിയിലൂടെ മൂക്ക് വച്ച് പിടിപ്പിക്കാനാവുമെന്ന് കുട്ടിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ഉറപ്പുനൽകിയെങ്കിലും ഇതിനാവശ്യമായ എട്ട് ലക്ഷം രൂപ ഈ കുടുംബത്തിന് സങ്കൽപ്പിക്കാനാകാത്ത തുകയാണ്. ഓട്ടിസം ബാധിച്ച അച്ഛൻ അഭിലാഷ് കൂലിപ്പണി ചെയ്ത് ലഭിക്കുന്നതാണ് ഈ കുടുംബത്തിന്‍റെ ഏക വരുമാനം. തങ്ങളുടെ സാമ്പത്തിക പിന്നോക്കാവസ്ഥയിൽ കുട്ടിക്ക് സർജറി ചെയ്യാൻ ആവശ്യമായ സഹായം ലഭിക്കാൻ പൊതുസമൂഹത്തോട് അഭ്യർത്ഥിക്കുന്നതിനൊപ്പം കുട്ടിയുടെ അവസ്ഥ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയിൽ പെടുത്തണമെന്നുമാണ് അഭിഷയുടെ അമ്മ സിന്ധു പറയുന്നത്. കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായതിനാൽ സിന്ധുവിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല.വായിലൂടെ ശ്വാസമെടുക്കുന്ന കുട്ടിക്ക് ശ്വാസതടസ്സം ഉണ്ടാകുന്നതിനാൽ കുട്ടിക്കൊപ്പം രാത്രിയിൽ ഉറങ്ങാതെ കാവലിരിക്കുകയും വേണം. പ്ലാസ്റ്റിക് സർജറി പല ഘട്ടങ്ങളിലായി ചെയ്താൽ മാത്രമാണ് അഭിഷക്ക് മൂക്കിലൂടെ ശ്വസിക്കാനാകുക. അതിനായാണ് ഇവർ ഇപ്പോൾ സമൂഹത്തിന്‍റെ സഹായം അഭ്യര്‍ഥിക്കുന്നത്.