തൃശ്ശൂര്‍: ആറ് വയസുകാരന് ഉൾപ്പെടെ 22 പേർക്ക് കൂടി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മട്ടാഞ്ചേരി ജൂത തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചവരിലുണ്ട്. വെള്ളറക്കാട് സ്വദേശികളായ അച്ഛനും മകനും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 14 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേര്‍ക്കുമാണ് രോഗം. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
ജൂതതെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ 38 വയസുകാരിയായ പഴഞ്ഞി സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന രണ്ട് പേർ ചാലക്കുടിയിൽ വൈദ്യുതി സംബന്ധമായ ജോലിയ്ക്കായി കൊണ്ടുവന്ന35 പേരിൽ ഉൾപ്പെടുന്നതാണ്. ഇതോടെ ഈ സംഘത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.
കൊയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും, ബെംഗളുരില്‍ നിന്നെത്തിയ ഒരാള്‍ക്കും കൊവിഡ് പോസ്റ്റീവായി. കുവൈറ്റില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും, ഈജിപ്ത്, ദുബൈ, മസ്ക്കറ്റ്, ഖസാക്കിസ്ഥാന്‍, ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ എന്നിവടങ്ങളില്‍ നിന്നെത്തിയ ഓരോര്‍ത്തര്‍ക്കുമാണ് രോഗം. വെള്ളറക്കാട് സ്വദേശികളായ അച്ഛനും ആറ് വയസുള്ള മകനും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. ജില്ലയിൽ 142 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇന്ന് ആറ് പേരാണ് രോഗ മുക്തരായത്.