തൃശ്ശൂർ: ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. 138 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മുകുന്ദപുരം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകൾ. ഉരുൾപൊട്ടൽ സാധ്യതയും വെള്ളപ്പൊക്കത്തെയും തുടർന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പുത്തൂർ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
102 കുടുംബങ്ങളെയാണ് ഇവിടേക്ക് മാറ്റിയത്. ചിറ്റകുന്ന്, കോക്കാത്ത് കോളനി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് ആളുകളെ മാറ്റിയത്. കൊടുങ്ങല്ലൂരിൽ കനത്ത മഴയിൽ കനോലി കനാൽ കരകവിഞ്ഞൊഴുകി. തീരദേശത്തെ ക്യാമ്പിലുള്ളത് 26 കുടുംബങ്ങളാണ്.
ALSO READ: മഴക്കെടുതിയില്‍ മരണം 33 ; വിവിധ ജില്ലകളിലായി 11 ദുരന്തനിവാരണ സേനകള്‍
പുതുക്കാട് 10 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പുതുക്കാട് ഗവൺമെന്‍റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. നെന്മണിക്കര പഞ്ചായത്തിൽ 67 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും തലോർ എൽപി സ്കൂളിലെ ക്യാമ്പിലേക്കും മാറ്റി.
ജില്ലയിൽ ഇതുവരെ 460 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും പുഴയോരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ ആയതോടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം വർദ്ധിച്ചു. മലയിടിച്ചിൽ ഭീഷണിയുള്ള കോടശ്ശേരി മേട്ടി പാടം മാവിൻ ചുവട്ടിൽ നിന്ന് 40 ല്‍ ഏറെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അതിതീവ്ര മഴയ്ക്ക് ശമനമായെങ്കിലും ജില്ലയിൽ ആശങ്കയ്ക്ക് അയവില്ല. ഡാമുകളും തുറന്നതോടെ പുഴകളിലെ ജലനിരപ്പ് കുത്തനെ ഉയർന്നതാണ് കാരണം. തീരങ്ങളിൽ അതീവ ജാഗ്രത തുടരുകയാണ്.