തിരുവനന്തപുരം: കോർപ്പറേഷൻ വീട്ടുകരം തട്ടിപ്പിൽ വീണ്ടും അറസ്റ്റ്. നേമം സോണൽ ഓഫീസ് സൂപ്രണ്ട് ശാന്തിയാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. നേമം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പൊലീസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ശാന്തി നേരിട്ട് സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. നേമം സോണൽ ഓഫീസ് തട്ടിപ്പിലെ രണ്ടാം പ്രതിയാണ് ഇവര്‍. കോർപ്പറേഷൻ യൂണിയന്‍റെ സംസ്ഥാന സമിതി അംഗം കൂടിയാണ്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതി തള്ളിയിരുന്നു. നേമം സോണല്‍ ഓഫീസിലെ കാഷ്യര്‍ സുനിത ഒക്‌ടോബര്‍ 16 ന് അറസ്റ്റിലായിരുന്നു.
'നടന്നത് 32.97 ലക്ഷത്തിന്‍റെ തട്ടിപ്പ്'
നേമം സോണില്‍ നിന്നുള്ള ആദ്യ അറസ്റ്റാണ് സുനിതയുടേത്. കേസില്‍ ശ്രീകാര്യം സോണല്‍ ഓഫീസിലെ അറ്റന്‍ഡര്‍ ബിജുവിനെയും അറസ്റ്റ് ചെയ്‌തിരുന്നു. 5.12 ലക്ഷം രൂപയുടെ നികുതി തട്ടിപ്പാണ് ശ്രീകാര്യം സോണില്‍ കണ്ടെത്തിയത്. 32 ലക്ഷത്തോളം രൂപയുടെ നികുതി തട്ടിപ്പില്‍ 25 ലക്ഷം രൂപയോളം തട്ടിപ്പ് നടന്നത് നേമം സോണിലാണ്.
കേസുമായി ബന്ധപ്പെട്ട് സുനിതയെ അടക്കം ഏഴ് ജീവനെക്കാരെ നേരത്തെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. പൊതുജനം നികുതിയടച്ച പണം നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ അടയ്‌ക്കാതെ വ്യാജ കൗണ്ടര്‍ ഫോയില്‍ ഉണ്ടാക്കി തട്ടിയെന്നാണ് പരാതി. കോര്‍പ്പറേഷനിലെ വീട്ടുകരം വെട്ടിപ്പില്‍ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണുകളിലായി ആകെ 32.97 ലക്ഷത്തിന്‍റെ തട്ടിപ്പ് നടന്നുവെന്നാണ് നഗരസഭ സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ട്.
ALSO READ: ദത്ത് വിവാദം : ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി വിവരങ്ങള്‍ തേടി സിപിഎം നേതൃത്വം