തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ രണ്ടാമത്തെ ചരക്ക് കപ്പലായ 'ഷെൻഹുവ 29' (Zhenhua 29) ൽ നിന്ന് തുറമുഖത്തേക്കുള്ള ക്രെയിൻ ഇന്ന് ഇറക്കിയേക്കും (Second ship in Vizhinjam international seaport). മൂന്ന് വലിയ ക്രെയിനുകളും 6 ചെറിയ ക്രെയിനുകളും ആണ് രണ്ടാം കപ്പലിൽ എത്തിയത്. ഇതിൽ ഏറ്റവും വലിപ്പമേറിയ 'ഷിപ് ടു ഷോർ' ക്രെയിനാണ് (Ship to shore crane) തുറമുഖത്തേക്ക് ഇറക്കുക.
ബർത്തിലേക്ക് താത്‌കാലിക പാളങ്ങൾ സ്ഥാപിച്ച് ബർത്തിലെ സ്ഥിരം പാളങ്ങളിലേക്കാണ് ക്രെയിൻ ഇറക്കുക. ഇതിനുള്ള സാങ്കേതിക സംവിധാന ജോലികൾ ഇന്നലെ (നവംബര്‍ 15) പൂർത്തിയായി. ക്രെയിൻ ഇറക്കുന്ന ദൗത്യം പൂർത്തിയാക്കിയതിനു ശേഷം 18നുള്ളിൽ കപ്പൽ തീരം വിടും. ശേഷിച്ച ക്രെയിനുകൾ ഗുജറാത്ത് മുന്ദ്ര തുറമുഖത്താണ് ഇറക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകാത്തതിനെ തുടർന്ന് നാലുദിവസം പുറം കടലിൽ നങ്കൂരമിട്ടതിന് ശേഷം തിങ്കളാഴ്‌ചയാണ് ചൈനീസ് ചരക്ക് കപ്പലായ ഷെൻഹുവ 29 തുറമുഖത്ത് എത്തിയത്. ഫെബ്രുവരിക്ക് മുമ്പ് ക്രെയിനുകളുമായി ആറ് കപ്പൽ കൂടി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തും. ഓരോ കപ്പലിനും പ്രത്യേകം അനുമതി വേണം. അനുമതി കിട്ടാത്ത പക്ഷം കപ്പൽ പുറംകടലിൽ നങ്കൂരമിടണം.
പുറങ്കടലിൽ കിടക്കുന്ന ഓരോ ദിവസവും 19 ലക്ഷം രൂപയോളം ആണ് കപ്പലിന് നഷ്‌ടം വരുന്നത്. എട്ട് ഷിഫ്റ്റ് ഷോറും 24 യാര്‍ഡ് ക്രെയിനുകളുമാണ് വിഴിഞ്ഞം തുറമുഖത്ത് ആവശ്യമുള്ളത്. ഇതുമായി വരുന്ന കപ്പലുകളില്‍ ഒരെണ്ണം നവംബര്‍ 25 നും മറ്റൊന്ന് ഡിസംബര്‍ 15 നും തീരമണയും. ഷിപ്പ് ടു ഷോര്‍ ക്രെയിനുമായി എത്തുന്ന രണ്ടാമത്തെ കപ്പലില്‍ തുറമുഖത്തിന് ആവശ്യമായ 6 യാര്‍ഡ് ക്രെയിനുകളാകും ഉണ്ടാവുക.
മുന്ദ്ര തുറമുഖത്തേക്കുള്ള ക്രെയിനുകളും കപ്പലിലുള്ളതായാണ് സൂചന. വിഴിഞ്ഞത്ത് ക്രെയിനുകള്‍ ഇറക്കിയ ശേഷം കാലാവസ്ഥ അനുകൂലമായാല്‍ കപ്പല്‍ രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. വ്യാവസായിക അടിസ്ഥാനത്തില്‍ അടുത്ത മേയില്‍ വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുമെന്നാണ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞിരുന്നത്.
ഇതിനുമുൻപ് ആറ് കപ്പൽ കൂടി വിഴിഞ്ഞത്തെത്തും. ചൈനയിലെ ഷാങ്ഹായിൽ നിന്ന് കഴിഞ്ഞ ഒക്ടോബർ 24 നാണ് കപ്പൽ യാത്ര ആരംഭിച്ചത്. ആദ്യ ചരക്കുകപ്പൽ സെപ്‌റ്റംബർ 1 ന് പുറപ്പെട്ട് ഒക്‌ടോബർ 15 ന് തീരത്തെത്തിയിരുന്നു.
ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഒക്ടോബർ 26 നാണ് ആദ്യ കപ്പല്‍ തീരം വിട്ടത്. അതിന് പിന്നാലെയാണ് അതേ കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ ഷെൻഹുവ 29 പുറപ്പെട്ടത്. ഇസഡ്‌പിഎംസി (ZPMC) എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് അദാനി പോര്‍ട്‌സ് വിഴിഞ്ഞം തുറമുഖത്തേക്ക് ആവശ്യമായ ക്രെയിനുകള്‍ വാങ്ങുന്നത്.