തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാർഡിൽ രണ്ട് രോഗികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടന്നു. രണ്ട് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിനുള്ളിൽ കടന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. രണ്ടുവട്ടമാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രതിഷേധവുമായി പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡിലെ വാഹനഗതാഗതം തടയാൻ ശ്രമിച്ചത് ചെറിയ രീതിയിൽ സംഘർഷത്തിനിടയാക്കി. തുടർന്ന് പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.