തിരുവനന്തപുരം : ഇപി ജയരാജനെതിരെ ഉണ്ടായ ആരോപണത്തിൽ വിജിലൻസിനും മന്ത്രിക്കും യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇപി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്‌ത് നടത്തിയ നീക്കങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷിനും കണ്ണൂർ കലക്‌ടർക്കുമാണ് പരാതി നൽകിയത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആണ് പരാതി നൽകിയത്. പരിസ്ഥിതി നിയമങ്ങൾ തെറ്റിച്ച് കണ്ണൂരിൽ നിർമിച്ച വൈദീകം ആയുർവേദ ആശുപത്രി പൊളിച്ച് നീക്കണമെന്നും പരാതിയിൽ പറയുന്നു.
ഇപിയ്‌ക്കെതിരെ പി ജയരാജൻ: സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വച്ചാണ് പി ജയരാജൻ ഇപിയ്‌ക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇപി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
അനധികൃത സ്വത്ത് സമ്പാദിച്ച ഇപി ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താൻ ആരോപണം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്‌ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്ന് പി ജയരാജൻ ആരോപിച്ചു.
ഇപി ജയരാജൻ വിശദീകരണം നൽകും: അതേസമയം വെള്ളിയാഴ്‌ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍, അനധികൃത സ്വത്ത് സമ്പാദന വിവാദത്തില്‍ ഇപി ജയരാജൻ വിശദീകരണം നൽകും. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജൻ പങ്കെടുക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പിബി നിർദേശത്തെ തുടര്‍ന്നാണ് വെള്ളിയാഴ്‌ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് ജയരാജൻ വിശദീകരണം നൽകുക.
വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് വൈദീകം റിസോര്‍ട്ട് വിവാദം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ഒക്‌ടോബർ ആറ് മുതല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത ഇപി ജയരാജൻ കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിന്‍റെ നേതൃയോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഇത്തവണത്തെ സംസ്ഥാന കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
പാർട്ടിയിൽ നിന്ന് സ്വയം പിൻവാങ്ങാനൊരുങ്ങുന്ന ഇപി സുഹൃത്തുക്കളുടെയും അടുത്ത നേതാക്കളുടെയും നിർബന്ധപ്രകാരമാണ് സെക്രട്ടേറിയറ്റിൽ പങ്കെടുത്ത് സ്വന്തം നിലപാട് വിശദീകരിക്കാൻ ഒരുങ്ങുന്നതെന്നും സൂചനയുണ്ട്.
ജയരാജന്മാരുടെ പോരിൽ പ്രതിപക്ഷം: പി ജയരാജന്‍റെ ആരോപണത്തിന് പിന്നാലെ ഇപി ജയരാജനെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. സിപിഎമ്മിനകത്ത് പി ജയരാജനും ഇപി ജയരാജനും തമ്മിലുള്ള പോരിൽ നിഷ്‌പക്ഷമായ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ആവശ്യപ്പെട്ടു. എംവി ഗോവിന്ദന് മുൻപ് ഈ വിഷയങ്ങൾ അറിയാമായിരുന്നു. ഇപി മന്ത്രി ആയിരിക്കുമ്പോൾ തുടങ്ങിയതാണ് ഈ അഴിമതി. അതിനാൽ സിപിഎമ്മിൻ്റെ ആഭ്യന്തര വിഷയമാണ് ഇതെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന് എതിരായ ആരോപണം വർഷങ്ങളായി ഒളിച്ചുവച്ചുവെന്ന് വിഡി സതീശൻ ആരോപിച്ചു. 2019 ൽ തന്നെ ഈ വിഷയത്തിൽ പരാതി ലഭിച്ചിട്ടും ഇത് വരെ അത് മറച്ച് വയ്‌ക്കുകയും ഒരിടപെടലും നടത്തുകയും ചെയ്‌തില്ല. എംവി ഗോവിന്ദനും വിഷയത്തിൽ മൗനം പാലിക്കുന്നതെന്ത് കൊണ്ടെന്നും പാർട്ടി നടപടി എടുക്കാത്തതെന്തുകൊണ്ടെന്നും വിഡി സതീശൻ ചോദിച്ചു.
അതേസമയം മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും കണ്ണൂർ റിസോർട്ടുമായി ബന്ധപ്പെട്ട അഴിമതി ഇപി ജയരാജൻ മന്ത്രിയായിരുന്നപ്പോൾ നടന്നതാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇപി ജയരാജന്‍ വിഷയം സിപിഎമ്മിന്‍റെ ആഭ്യന്തര വിഷയമല്ലെന്നും ജനങ്ങളെ ബാധിക്കുന്നതാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കൊടിയ അഴിമതിയാണ് ഒന്നും രണ്ടും പിണറായി സർക്കാരിന്‍റെ കാലത്ത് നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. ഈ അഴിമതിയും കൊള്ളയും അവസാനിപ്പിക്കാനുള്ള നടപടിയാണ് വേണ്ടത്. ഇക്കാര്യങ്ങളില്‍ എല്ലാം വിശ്വാസയോഗ്യമായ ഒരു അന്വേഷണം ഉണ്ടാകേണ്ടതുണ്ടെന്നും ചെന്നിത്തല പറഞ്ഞു.