തിരുവനന്തപുരം: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് ചരിത്രത്തില്‍ കലഹവും തമ്മില്‍ത്തല്ലും തെരുവ് യുദ്ധവുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിയെയാണ് രാഹുല്‍ പരാജയപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയ 5,11,498 വോട്ടുകളില്‍ രാഹുലിന് 2,21,986 വോട്ടും അബിന്‍ വര്‍ക്കിക്ക് 1,68,588 വോട്ടുകളുമാണ് ലഭിച്ചത്.
'അടി'പൊട്ടാത്ത തെരഞ്ഞെടുപ്പ്: സംസ്ഥാന കോണ്‍ഗ്രസിലെ പരമ്പരാഗത ശാക്തിക ചേരികളായ എ,ഐ ഗ്രൂപ്പുകളുടെ അവസാന ഏറ്റുമുട്ടല്‍ കൂടിയായി വിശേഷിപ്പിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിലവിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ ആശിര്‍വാദത്തോടെ എ ഗ്രൂപ്പ് നോമിനിയായാണ് രാഹുല്‍ കളത്തിലിറങ്ങിയത്. അബിന്‍ വര്‍ക്കിയെ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും പിന്തുണച്ചു.
സംസ്ഥാന കോണ്‍ഗ്രസില്‍ നിലവിലെ ശക്‌തമായ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ സ്വന്തം സ്ഥാനാര്‍ഥികളെ മത്സര രംഗത്തിറക്കാതെ നിഷ്‌പക്ഷ നിലപാട് സ്വീകരിച്ചതും ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷതയാണ്.
Also Read: കെ സുരേന്ദ്രന്‍റെ പൂതന പരാമര്‍ശം : പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, ഹൈടെക് സെല്ലിന് കൈമാറി ഡിജിപി
വൈകി വന്ന ഫലം: തികച്ചും ഓണ്‍ലൈന്‍ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സാരമായ പൊട്ടിത്തെറികളോ ചേരിതിരിഞ്ഞ് തെരുവുയുദ്ധമോ ഗ്രൂപ്പിന്‍റെ പേരിലെ പരസ്യ വിഴുപ്പലക്കലോ ഉണ്ടായില്ലെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ശ്രദ്ധേയമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വൈകാനിടയാക്കിയിരുന്നു.
മത്സരരംഗത്ത് ആരെല്ലാം: ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാവ്‌ചവയ്ക്കുന്ന രണ്ടു യുവ നേതാക്കളെന്ന നിലയില്‍ പ്രശസ്‌തരാണ് രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്‍ജിനീയറിങ് ബിരുദധാരിയും അഭിഭാഷകനുമായ അബിന്‍ വര്‍ക്കി എറണാകുളം കോലഞ്ചേരി സ്വദേശിയാണ്. പരാജയപ്പെട്ടെങ്കിലും അബിന്‍ വര്‍ക്കി സംസ്ഥാനത്തെ സീനിയര്‍ വൈസ് പ്രസിഡന്‍റാകും.
ഇക്കൊല്ലം മെയ് മാസത്തില്‍ ആരംഭിച്ച യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കാണ് ചൊവ്വാഴ്‌ച (14.11.2023) ഫലപ്രഖ്യാപനത്തോടെ തിരശീല വീണത്. ഇതോടൊപ്പം നടന്ന ജില്ല, നിയോജകമണ്ഡലം, മണ്ഡലം തെരഞ്ഞെടുപ്പ് ഫലങ്ങളും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.
Also Read: Youth Congress March 'വോട്ട് ചെയ്‌തില്ല', മുസ്ലിം ലീഗിനെതിരെ കാസർകോട് യൂത്ത് കോൺഗ്രസ് പ്രകടനം