തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയൽ കാര്‍ഡ് വിഷയം ക്രൈം ബ്രാഞ്ചിന് കൈമാറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നൽകിയ പരാതിയിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. അന്വേഷണ സംഘത്തിന്‍റെ ശുപാര്‍ശയിലാണ് വ്യാജ ഐ ഡി കാര്‍ഡ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്. മ്യൂസിയം പോലീസായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയില്‍ കേസെടുത്തത്. കേസില്‍ സൈബര്‍ ഡോമും അന്വേഷണം ആരംഭിച്ചിരുന്നു. വിഷയത്തില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം എം പി തുടങ്ങിയവരും പരാതി നൽകിയിരുന്നു. വ്യാജ ഐ ഡി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താന്‍ സഹായിക്കുന്ന വ്യാജ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയ പ്രതിയെ കാസര്‍ഗോഡ് നിന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് പോലീസ് പിടികൂടിയത്.
കേസിലെ നാല് പ്രതികൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ പ്രതികളായ ഫെനി നൈനാൻ(25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്‌ണ (42) എന്നീ പ്രതികൾക്കാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയൽ (Thiruvananthapuram Chief Judicial Magistrate) ജാമ്യം അനുവദിച്ചത്. നാല് ദിവസത്തേക്ക് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്‌ചയും, ശനിയാഴ്‌ചയും ഒപ്പ് ഇടണം. ഇതിന് ശേഷം ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകണം. രാജ്യം വിട്ട് പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണമെന്നുമാണ് കർശന ഉപാധികൾ.
Also read :യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം