തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രഞ്ജു എം.ജെ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ല കോടതിയിലാണ് രഞ്ജു എം.ജെ ഹർജി നൽകിയത്.
വ്യാജരേഖ കേസിൽ താനും പ്രതിയാണ് എന്ന കാരണം പറഞ്ഞ് തന്‍റെ വീട്ടിൽ പൊലീസ് നിരന്തരം പരിശോധന നടത്തുകയും തന്‍റെ ലാപ്ടോപ്, പഴയ മൊബൈൽ ഫോൺ തുടങ്ങിയവ ഉൾപ്പെടെ എടുത്തു കൊണ്ട് പോയി എന്നും ഹർജിയിൽ പറയുന്നു.
നേരത്ത ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത നാല് പ്രതികൾക്കും ഉപാധികളോടെ സി.ജെ.എം കോടതി ജാമ്യം നൽകിയിരുന്നു. ഫെനി നൈനാൻ (25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്‌ണ (42) എന്നീ പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്.
also read : യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം
വികാസ് കൃഷ്‌ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജകാർഡുകൾ നിർമിച്ചത്. ഈ കാർഡുകൾ മറ്റു പ്രതികൾക്ക് ഓൺലൈനായി കൊടുത്തതിൻ്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സാമൂഹികമാധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, തുടങ്ങിയ വകുപ്പുകളും ഐ.ടി. ആക്‌ട്പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.