തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റിന് മർദനമേറ്റതായി പരാതി. പെരുങ്കടവിള യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഇടവഴിക്കര ജോസിനാണ് കമ്പിപ്പാരകൊണ്ട് അടിയേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ജോസിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സുഹൃത്തിനൊപ്പം മാരായമുട്ടം ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് ആക്രമണം നടന്നത്.
കൊടുക്കാനുളള തുക ബാങ്ക് ലോക്കറില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതിനെതുടർന്ന് ജോസ് ബഹളമുണ്ടാക്കി. തുടര്‍ന്ന് ബാങ്കിന് കീഴിലുളള പെട്രോള്‍ പമ്പില്‍ നിന്ന് 50,000 രൂപ ഉദ്യോഗസ്ഥർ ജോസിന് വാങ്ങികൊടുത്തു. പണം വാങ്ങി മടങ്ങുമ്പോഴാണ് ബാങ്കിന്‍റെ മുന്‍ പ്രസിഡന്‍റിന്‍റെ സഹോദരനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മാരായമുട്ടം സുരേഷിന്‍റെ നേതൃത്വത്തിലുളള സംഘം ആക്രമണം നടത്തിയത്. മാരായമുട്ടം ബാങ്കിന്‍റെ അഴിമതിക്കെതിരെ ആദ്യമായി വിജിലന്‍സിന് പരാതികൊടുത്തത് ജോസാണ്. മുട്ടക്കോഴി പദ്ധതിയുള്‍പ്പെടെ നിരവധി വിവാദങ്ങളിൽപ്പെട്ട ബാങ്ക് ഭരണസമിതിയെ ഹൈക്കോടതി നിര്‍ദേശ പ്രകാരം പിരിച്ച് വിട്ടു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്.