തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥൻ എംഎൽഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരാഹാരം തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിലെ സമരം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. റാങ്ക് ഹോൾഡർമാരെയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ് നേതാക്കളെയും ദുരഭിമാനം വെടിഞ്ഞ് മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സമരം രാഷ്‌ട്രീയ വൽക്കരിക്കാനില്ലെന്നും രാജ്യത്തെ ഏറ്റവും അന്തസില്ലാത്ത നിലയിലാണ് കേരള പിഎസ്‌സിയുടെ പ്രവർത്തനമെന്നും മുല്ലപ്പള്ളി പറഞ്ഞു. സമരം ചെയ്യുന്ന എൽജിഎസ് റാങ്ക് ഹോൾഡർമാരെയും സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉള്ളവരെയും സന്ദർശിച്ച് മുല്ലപ്പള്ളി ഐക്യദാർഢ്യം അറിയിച്ച ശേഷമാണ് ഷാഫി പറമ്പിലും കെഎസ് ശബരിനാഥനും സമരം ആരംഭിച്ചത്.
തങ്ങളുടേത് റാങ്ക് ഹോൾഡർമാരുടെ പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയുള്ള സമരമല്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതേസമയം അവർക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. കർഷക സമരത്തെ ആക്ഷേപിക്കുന്ന നരേന്ദ്ര മോദിയെ പോലെയാണ് അർഹതയുള്ള തൊഴിലിനു വേണ്ടി സമരംചെയ്യുന്ന യുവതയുടെ സമരത്തെ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ആക്ഷേപിക്കുന്നതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.